ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത

Update: 2024-12-17 04:36 GMT

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത. തെക്കന്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. എന്നാല്‍, പ്രത്യേകിച്ച് മഴ മുന്നറിയിപ്പുകള്‍ ഒന്നുംതന്നെ നല്‍കിയിട്ടില്ല.

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിച്ച് തമിഴ്‌നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ടെന്നും കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് തമിഴ്‌നാട് തീരം, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മന്നാര്‍, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Tags:    

Similar News