അജിത് കുമാറിന്റെ സ്ഥാനക്കയറ്റം: കേന്ദ്രത്തെയും ആര്‍.എസ്.എസിനെയും തൃപ്തിപ്പെടുത്താനുള്ള ഗൂഢനീക്കമെന്ന് കെ. മുരളീധരന്‍; തിടുക്കപ്പെട്ട് എടുത്ത തീരുമാനമല്ലെന്ന് വ്യവസായ മന്ത്രി

അജിത് കുമാറിന്റെ സ്ഥാനക്കയറ്റം: ഗൂഢനീക്കമെന്ന് കെ. മുരളീധരന്‍

Update: 2024-12-18 10:22 GMT

തിരുവനന്തപുരം: എം.ആര്‍. അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തിനുള്ള ശിപാര്‍ശയെ ന്യായികരിച്ച് വ്യവസായ മന്ത്രി പി. രാജീവ്. തിടുക്കപ്പെട്ട് എടുത്ത തീരുമാനമല്ലെന്നും കൃത്യമായ മാനദണ്ഡങ്ങള്‍ പരിശോധിച്ച് വിലയിരുത്തിയാണ് തീരുമാനമെന്നും പി. രാജീവ് പറഞ്ഞു. അജിത് കുമാറിന് സ്ഥാനക്കയറ്റം നല്‍കുന്നതിന് സാങ്കേതികമായും നിയമപരമായും തടസ്സമില്ലെന്ന് എ.കെ. ബാലനും പ്രതികരിച്ചു.

അതേസമയം, സ്ഥാനക്കയറ്റം നല്‍കുന്നതിനെ എതിര്‍ത്ത് കെ. മുരളീധരന്‍ രംഗത്തുവന്നു. കേന്ദ്രത്തെയും ആര്‍.എസ്.എസിനെയും തൃപ്തിപ്പെടുത്താനുള്ള ഗൂഢനീക്കമാണിതെന്നാണ് കെ. മുരളീധരന്‍ പ്രതികരിച്ചത്. അജിത് കുമാറിന് പ്രമോഷന്‍ നല്‍കുന്നത് മോദിക്ക് പ്രമോഷന്‍ നല്‍കുന്നത് പോലെയാണെന്നും കെ. മുരളീധരന്‍ ആരോപിച്ചു.

ഗുരുതരമായ ആരോപണങ്ങളില്‍ അന്വേഷണം നേരിടുന്ന എം.ആര്‍. അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള ശിപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയാണ് അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റത്തിന് ശിപാര്‍ശ നല്‍കിയത്.

അന്വേഷണം നേരിടുന്നത് സ്ഥാനക്കയറ്റത്തിന് തടസ്സമല്ലെന്നായിരുന്നു ശിപാര്‍ശയില്‍ സൂചിപ്പിച്ചത്. 2025 ജൂലൈ ഒന്നിന് ഒഴിവുവരുന്ന മുറക്ക് അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കും. ഇപ്പോള്‍ നടക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് എതിരാവുകയാണെങ്കില്‍ സ്ഥാനക്കയറ്റിന് തടസ്സമാവും. എന്നാല്‍ നിലവിലെ അന്വേഷണത്തില്‍ അജിത് കുമാറിന് ഒരു മെമ്മോ പോലും നല്‍കാത്ത സാഹചര്യത്തില്‍ സ്ഥാനക്കയറ്റം നല്‍കുന്നതില്‍ തടസ്സമില്ലെന്നായിരുന്നു സുപ്രീംകോടതി വിധികളടക്കംചൂണ്ടിക്കാട്ടി സ്‌ക്രീനിങ് കമ്മിറ്റിയുടെ ശിപാര്‍ശ.

ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍ എന്നീ വിവാദങ്ങളുമായി ബന്ധപ്പെട്ട് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കിയിരുന്നു. ഇന്റലിജന്‍സ് എ.ഡി.ജി.പി മനോജ് ഏബ്രഹാമിന് ക്രമസമാധാനച്ചുമതല നല്‍കിയിരുന്നത്. അജിത് കുമാറിനെ ബറ്റാലിയന്‍ എ.ഡി.ജി.പിയായി നിലനിര്‍ത്തുകയും ചെയ്തു.

Tags:    

Similar News