വണ്ടിപ്പെരിയാര്‍ പീഡന കേസ്; കട്ടപ്പന കോടതിയില്‍ കീഴടങ്ങിയ അര്‍ജുനെ ജാമ്യത്തില്‍ വിട്ടു

വണ്ടിപ്പെരിയാര്‍ പീഡന കേസ്; കട്ടപ്പന കോടതിയില്‍ കീഴടങ്ങിയ അര്‍ജുനെ ജാമ്യത്തില്‍ വിട്ടു

Update: 2024-12-24 02:05 GMT

കട്ടപ്പന: വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ കട്ടപ്പന അതിവേഗ പോക്സോ കോടതി വെറുതെ വിട്ടയച്ച പ്രതി അര്‍ജുന്‍, കട്ടപ്പന പോക്സോ കോടതിയില്‍ ഹാജരായി. ഹൈക്കോടതി നിര്‍ദേശപ്രകാരം ബോണ്ട് നല്‍കിയ അര്‍ജുന് കോടതി ജാമ്യം നല്‍കി. 50,000 രൂപയും സമാനതുകയ്ക്കുള്ള രണ്ടുപേരുടെ ഉറപ്പും ബോണ്ടായി സ്വീകരിച്ചാണ് അര്‍ജുന് കോടതി ജാമ്യം നല്‍കിയത്. സംസ്ഥാനം വിട്ടുപോകരുതെന്നും, താമസം മാറിയാല്‍ പുതിയ മേല്‍വിലാസം കോടതിയെ അറിയിക്കണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.

മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വിവിധ സംഘടനകളുടെയും ആവശ്യത്തെത്തുടര്‍ന്ന് കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. ഇതിനിടെ പ്രതി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അര്‍ജുനോട് പലതവണ നിര്‍ദേശിച്ചിട്ടും കോടതിയില്‍ ഹാജരായില്ല.

തുടര്‍ന്ന് അര്‍ജുനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി സമര്‍പ്പിച്ചു. പത്തുദിവസത്തിനകം കട്ടപ്പന പോക്സോ കോടതിയില്‍ ഹാജരായി വിദേശത്തേക്ക് പോകില്ലെന്ന ഉറപ്പിനായി ബോണ്ട് നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഇതനുസരിച്ചാണ് അര്‍ജുന്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരായത്.

കേസില്‍ വേഗത്തില്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് നേരിട്ട് ഉറപ്പ് നല്‍കി ഒരുവര്‍ഷം കഴിഞ്ഞിട്ടും പാലിച്ചിട്ടില്ല. പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും അപ്പീലില്‍ വാദം ഇതുവരെ തുടങ്ങിയിട്ടില്ല.

2021 ജൂണ്‍ 30-നാണ് വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയത്. കേസില്‍ 2023 ഡിസംബറില്‍ അര്‍ജുനെ കട്ടപ്പന അതിവേഗ പോക്സോ കോടതി കുറ്റവിമുക്തനാക്കി.

Tags:    

Similar News