വൈദ്യുത ലൈനിന്‍ തട്ടി ബൈക്ക് യാത്രികന് ഷോക്കേറ്റു; തിരുവമ്പാടി കോടഞ്ചേരി തമ്പലമണ്ണയില്‍ പരിക്കേറ്റത് സാബു സക്കറിയ

Update: 2024-12-29 06:40 GMT

കോഴിക്കോട് : വൈദ്യുത ലൈനിന്‍ തട്ടി ബൈക്ക് യാത്രികന് ഷോക്കേറ്റു. തിരുവമ്പാടി കോടഞ്ചേരി തമ്പലമണ്ണയിലാണ് സംഭവം നടന്നത്. ഷോക്കേറ്റ സാബു സക്കറിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂവലറി ജീവനക്കാരനാണ് സാബു. ജോലിസ്ഥലത്തുനിന്ന് വരുന്ന വഴിയേയാണ് ഭാര്യ സിനിയേയും കൂടെക്കൂട്ടിയത്. കോടഞ്ചേരി-തിരുനമ്പാടി റൂട്ടിലൂടെ പോകവേയാണ് തമ്പലമണ്ണയില്‍ അപകടമുണ്ടായത്.

റോഡിലൂടെ വളഞ്ഞുവരുമ്പോള്‍ ഒരു വയര്‍ ക്രോസ് കിടക്കുന്നുണ്ടായിരുന്നു. അത് ശരിക്കും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. അപ്പോഴേയ്ക്കും വണ്ടിയില്‍ തട്ടി പെട്ടന്ന് ഒരു സ്പാര്‍ക്ക് ഉണ്ടായി. ഉടന്‍ തന്നെ 10 മീറ്റര്‍ മുന്നോട്ട് വണ്ടി പോയതും വലിയ തീയുണ്ടായിയെന്നും സാബു പറയുന്നു.

'മുന്നോട്ട് പോകുന്നതിനിടയില്‍ വയര്‍ തെറിച്ചുപോയില്ലായിരുന്നുവെങ്കില്‍ താനും ഭാര്യയും തവിട്പൊടിയായേനെ. അങ്ങനെ മാറിപ്പോയതുകൊണ്ടാണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്', സാബു പറഞ്ഞു. ബൈക്കിന്റെ വേഗതയില്‍ വൈദ്യുതകമ്പി തെറിച്ചുപോയതുകൊണ്ടാണ് വലിയ അപകടമുണ്ടാകാതെയിരുന്നത്. വൈദ്യുതലൈന്‍ എങ്ങനെയാണ് പൊട്ടിവീണതെന്ന് വ്യക്തമായിട്ടില്ല.

Tags:    

Similar News