'എം എം മണിയുടെ പ്രസ്താവന സാബുവിനെ വീണ്ടും കൊല്ലുന്നു; കുടുംബത്തെ വേട്ടയാടുന്ന ക്രൂരത അവസാനിപ്പിക്കണം'; പണം മടക്കി ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുകയല്ല വേണ്ടതെന്നും കെ കെ ശിവരാമന്‍

പണം മടക്കി ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുകയല്ല വേണ്ടതെന്നും കെ കെ ശിവരാമന്‍

Update: 2024-12-31 14:23 GMT

തൊടുപുഴ: കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യയില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ നേതാവ് കെ കെ ശിവരാമന്‍. സിപിഎം ഭരിക്കുന്ന ബാങ്കില്‍ സാബു പണം നിക്ഷേപിച്ചത് നഷ്ടപ്പെടും എന്നോര്‍ത്തല്ല. ഭരണസമിതിയുടെയും പ്രസ്ഥാനത്തിന്റെയും പക്വതയില്ലാത്ത പെരുമാറ്റമാണ് സാബു തോമസിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. പണം മടക്കി ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുകയോ അപമാനിക്കുകയോ അല്ല ചെയ്യേണ്ടതെന്നും കെ കെ ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എംഎം മണിയുടെ പ്രസ്താവന സാബുവിനെ വീണ്ടും വീണ്ടും കൊല്ലുന്നുവെന്ന് കെ കെ ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റ്. മര്യാദകേടിന് പരിധിയുണ്ടെന്നും നിവൃത്തികേടുകൊണ്ട് ആത്മഹത്യ ചെയ്ത സാബു തോമസിനെ വെറുതെ വിടണമെന്നും കെ കെ ശിവരാമന്‍ പറയുന്നു. സാബു തോമസ് ശവക്കല്ലറയില്‍ ശാന്തമായി ഉറങ്ങട്ടെ,സാബുവിന്റെ കുടുംബത്തെ വേട്ടയാടുന്ന ക്രൂരത എങ്കിലും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കെ കെ ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരാള്‍ തന്റെ ജീവിതം കൊണ്ടുണ്ടാക്കിയ മുഴുവന്‍ പണവും, താന്‍ ജീവന് തുല്യം സ്‌നേഹിച്ച പ്രസ്ഥാനം നിയന്ത്രിക്കുന്ന സഹകരണ ബാങ്കില്‍ നിക്ഷേപിക്കുന്നു. ആവശ്യങ്ങള്‍ വരുമ്പോള്‍ തിരിച്ചെടുക്കുന്നതിനാണല്ലോ ഇങ്ങനെ നിക്ഷേപിക്കുന്നത്. ബാങ്ക് ഭരണ സമിതിയുടെയും, ഭരണ സമിതി നിയന്ത്രിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും പക്വത ഇല്ലാത്ത പെരുമാറ്റമാണ് സാബു തോമസിനെ ആത്മഹത്യയിലേക്ക് തള്ളി വിട്ടത് ,ബാങ്കില്‍ പണമില്ലെങ്കില്‍ അത് സാവധാനം പറഞ്ഞു ബോധ്യപ്പെടുത്തുകയാണ് ചെയ്യേണ്ടത്.പകരം ഭീഷണിയാണ് നിക്ഷേപകരോട് പ്രയോഗിക്കുന്നത്. ' നിനക്ക് പണിയറിയില്ല, നിന്നെ പണി ഞാന്‍ പഠിപ്പിക്കാം,നീ അടികൊള്ളേണ്ട സമയം കഴിഞ്ഞു ' എന്നാണ് ഒരു നേതാവ് പറയുന്നത്. ബാങ്കില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ ചെന്ന പാവം നിക്ഷേപകനെ വിരട്ടുകയാണ്,ഇത് കേരളത്തിന് യോജിച്ചതാണോ എന്ന് അവര്‍ ആലോചിക്കട്ടെ, ഇക്കാര്യത്തില്‍ നിലപാട് വിശദീകരിക്കാന്‍ നടത്തിയ സമ്മേളനത്തില്‍ പ്രിയപ്പെട്ട ആശാന്‍ നടത്തിയ പ്രസംഗം ആത്മഹത്യ നടത്തിയ ആളെയും, ആ കുടുംബത്തെയും വീണ്ടും വീണ്ടും കൊല്ലുന്ന തരത്തിലാണ്. നിവിര്‍ത്തികേട്‌കൊണ്ട് ആത്മഹത്യ ചെയ്ത സാബു തോമസിനെ വെറുതെ വിടണ്ടേ, മര്യാദകേടിനും ഒരു പരിധി ഉണ്ട്.സാബു തോമസ് ശവക്കല്ലറയില്‍ ശാന്തമായി ഉറങ്ങട്ടെ,സാബുവിന്റെ കുടുംബത്തെ വേട്ടയാടുന്ന ക്രൂരത എങ്കിലും അവസാനിപ്പിക്കണം.ഇതെന്ത് രാഷ്ട്രീയമാണെന്ന് രാഷ്ട്രീയ യജമാനന്മാര്‍ പറയട്ടെ.

Tags:    

Similar News