നിയമപരമായ തടസങ്ങളില്ലാത്ത പ്രശ്‌നങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കണം; അപേക്ഷകളില്‍ തീര്‍പ്പ് വൈകിപ്പിക്കുന്നതും അഴിമതിയെന്ന് മന്ത്രി പി രാജീവ്
കൊച്ചി: പൊതുജനങ്ങളുടെ അപേക്ഷകളില്‍ തീര്‍പ്പ് വൈകിപ്പിക്കുന്നത് അഴിമതിയായി കണക്കാക്കണമെന്നു മന്ത്രി പി.രാജീവ്. കരുതലും കൈത്താങ്ങും പറവൂര്‍ താലൂക്ക് അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫയലുകളില്‍ തീര്‍പ്പു കല്‍പ്പിക്കുകയെന്നാല്‍ കക്ഷിക്ക് അനുകൂല തീരുമാനമെടുക്കുക എന്നു മാത്രമല്ല. നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി സാധ്യമായ പരിഹാരം വേഗത്തില്‍ ലഭ്യമാക്കണം. അനാവശ്യമായി വൈകിപ്പിക്കരുത്. സാധ്യമല്ലാത്ത കാര്യങ്ങള്‍ എത്രയും വേഗം അപേക്ഷകനെ അറിയിക്കണം.
ഓരോ അദാലത്ത് കഴിയുമ്പോഴും പരാതികള്‍ കുറയ്ക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം. അദാലത്തില്‍ ഉയരുന്ന പൊതുപ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ സമഗ്രമായി പരിഗണിക്കും. ഇവയില്‍ ചട്ടങ്ങളിലും നിയമങ്ങളിലും ഇളവു വേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. നിയമപരമായ തടസങ്ങളില്ലാത്ത പ്രശ്‌നങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പറഞ്ഞു. തരം മാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ലളിതമായി പരിഹരിക്കാന്‍ സംവിധാന മുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പറവൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ശശിധരന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ യേശുദാസ് പറപ്പിള്ളി, കെ.വി. രവീന്ദ്രന്‍, എ.എസ്. അനില്‍ കുമാര്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദന്‍, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, വൈസ് ചെയര്‍മാന്‍ എം.ജെ. രാജു, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ചാന്ദ്‌നി ഗോപകുമാര്‍ ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വിനോദ് രാജ്, സബ് കളക്ടര്‍ കെ.മീര, അസിസ്റ്റന്റ് കളക്ടര്‍ അന്‍ജീത് സിംഗ്, ഡെപ്യൂട്ടി കളക്ടര്‍മാരായ റെയ്ച്ചല്‍ വര്‍ഗീസ്, കെ. മനോജ്, തുടങ്ങിയവര്‍ പങ്കെടുത്തു.