ബസിലെ സ്ഥിരം പരിശോധനയ്ക്കിടെ പിടിവീണു; കഞ്ചാവും എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ; കടത്തിയത് ജിപിഎസ് സംവിധാനം ഉപയോഗിച്ച്
മാനന്തവാടി: ജിപിഎസ് സംവിധാനം ഉപയോഗിച്ച് കഞ്ചാവും എംഡിഎംഎയും കടത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികള്‍ അറസ്റ്റിൽ. മലപ്പുറം തിരൂര്‍ മേൽമുറി കാടാമ്പുഴ സാലിഹ് (35), എംം അബ്ദുള്‍ ഖാദര്‍ (38) എന്നിവരെയാണ് എക്സൈസ് കൈയ്യോടെ പിടികൂടിയത്.
കര്‍ണാടകയിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസിൽ കാര്‍ഡ് ബോര്‍ഡ് പെട്ടിയിലായിരുന്നു 200 ഗ്രാം എംഡിഎംഎയും രണ്ട് കിലോ കഞ്ചാവും കടത്തിയത്. ഈ കാര്‍ഡ് ബോര്‍ഡ് പെട്ടി ജിപിഎസ് ട്രാക്കര്‍ ഉപയോഗിച്ച് പ്രതികള്‍ നിരീക്ഷിച്ചിരുന്നു.
ഇന്നലെ പുലര്‍ച്ചെയാണ് വയനാട് തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ പരിശോധനയിൽ ബസിൽ കണ്ടെത്തിയ പാഴ്സല്‍ ബോക്സിനുള്ളിൽ രണ്ട് കിലോ കഞ്ചാവും 200 ഗ്രാം എംഡിഎംഎയും പാഴ്‌സലിന്റെ നീക്കമറിയാനായി ഘടിപ്പിച്ചിരുന്ന ജിപിഎസ് അടക്കമുള്ള ഉപകരണങ്ങളും കണ്ടെത്തിയത്. പാഴ്സലിന്‍റെ ഉടമ ബസിൽ ഉണ്ടായിരുന്നില്ല. പാഴ്സൽ പ്രതികള്‍ ബസിൽ കൊടുത്തയക്കുകയായിരുന്നു.
ബസിന്‍റെ അടിഭാഗത്തെ ക്യാബിനുള്ളില്‍ നിന്നാണ് പെട്ടി കണ്ടെത്തിയത്. കാര്‍ഡ് ബോര്‍ഡ് പെട്ടിയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎയും കഞ്ചാവും. ജിപിഎസ് സംവിധാനം മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാര്‍ഡ് ബോര്‍ഡ് പെട്ടിയുടെ മധ്യഭാഗത്തായി ഘടിപ്പിച്ച നിലയായിരുന്നു.