പന്തളത്ത് നിയന്ത്രണം വിട്ട തീര്‍ഥാടക വാഹനമിടിച്ച് അപകട പരമ്പര; ഓട്ടോഡ്രൈവറും സൈക്കിള്‍ യാത്രികനുമടക്കം മൂന്നു പേര്‍ക്ക് പരുക്ക്

പന്തളത്ത് നിയന്ത്രണം വിട്ട തീര്‍ഥാടക വാഹനമിടിച്ച് അപകട പരമ്പര

Update: 2025-01-05 16:49 GMT

പന്തളം: എം.സി റോഡില്‍ ടൗണില്‍ വാഹനങ്ങളുടെ കൂട്ടയിടി. ചിത്ര ആശുപത്രിക്ക് സമീപം അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസാണ് അപകടം ഉണ്ടാക്കിയത്. ഓട്ടോറിക്ഷയിലും സൈക്കിളിലും ഇടിച്ച ശേഷം പാര്‍ക്ക് ചെയ്ത കാറും ഇടിച്ച് തകര്‍ത്തു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. വൈകിട്ട് നാലിനായിരുന്നു അപകടം. തമിഴ്നാട്ടില്‍ നിന്നും തീര്‍ത്ഥാടകരുമായി വന്ന മിനി ബസ് ആദ്യം ഓട്ടോറിക്ഷയില്‍ ഇടിച്ച് ഡ്രൈവര്‍ തോട്ടക്കോണം പുല്ലാമഠത്തില്‍ രാധാകൃഷ്ണന്‍ പിള്ള (56)യ്ക്ക് പരുക്കേറ്റു.

മൈക്രോലാബിലേക്ക് സൈക്കിളില്‍ വന്ന കടയ്ക്കാട് ബുഷറ മന്‍സില്‍ മുഹമ്മദ് ബിലാലിനെ(22)യാണ് രണ്ടാമത് ഇടിച്ചത്. ഏറ്റവും ഒടുവിലായി മൈക്രോ ലാബ് ഉടമ പൂഴിക്കാട് പുത്തന്‍പുരയ്ക്കല്‍ ജയശങ്കറി (42) ന്റെ കാറില്‍ ഇടിച്ചു. ലാബിന്റെ മുമ്പില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു കാര്‍. ജയശങ്കര്‍ ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങി. മുഹമ്മദ് ബിലാലിന്റെ തലയ്ക്കാണ് പരുക്ക്. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലാബില്‍ പരിശോധനാഫലം വാങ്ങാന്‍ എത്തിയതായിരുന്നു മുഹമ്മദ് ബിലാല്‍. മിനി ബസില്‍ 16 തീര്‍ത്ഥാടകര്‍ ഉണ്ടായിരുന്നു ആര്‍ക്കും പരുക്കേറ്റില്ല. അപകടത്തില്‍ മൈക്രോ ലാബിനും കേടുപാട് സംഭവിച്ചു.

Tags:    

Similar News