ആയുര്‍വേദ ചികിത്സയ്‌ക്കെത്തിയ റഷ്യന്‍ പൗരന്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; 47കാരന്റെ മരണം നാട്ടിലേക്ക് മടങ്ങാനായി സഹോദരന്‍ വിളിച്ചുണര്‍ത്താനെത്തിയപ്പോള്‍
റഷ്യന്‍ പൗരന്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: ആയുര്‍വേദ ചികിത്സയ്‌ക്കെത്തിയ റഷ്യന്‍ സഞ്ചാരിയെ വിഴിഞ്ഞത്ത് സ്വകാര്യ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റഷ്യയിലെ മോസ്‌കോയില്‍ നിന്നും ആയുര്‍വേദ ചികിത്സയ്ക്കായി എത്തിയ 47കാരനാണ് മരിച്ചത്. വിഴിഞ്ഞം പുളിങ്കുടിയിലെ സ്വകാര്യ ഹോട്ടലില്‍ കഴിഞ്ഞിരുന്ന പവേല്‍ പൊഡ്‌ഗ്രോ നോവ് (47) ആണ് നാട്ടിലേക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കെ മരണപ്പെട്ടത്. രാവിലെ നാലുമണിക്ക് തിരികെ നാട്ടിലേക്ക് പോകേണ്ടതായിരുന്നു. ഇതിനായി സഹോദരന്‍ രാത്രി 12.45 ഓടെ പവേലിനെ വിളിച്ചുണര്‍ത്താന്‍ എത്തിയപ്പോള്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നു.
ഉടന്‍ സുഹൃത്തിനെയും കൂട്ടി വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് സഹോദരന്‍ പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ മാസം നാലിനാണ് സഹോദരനായ ദിമിത്രി, സുഹൃത്ത് സെര്‍ജി മിനാക്കോവ് എന്നിവര്‍ക്കൊപ്പമാണ് ഇയാള്‍ വിഴിഞ്ഞത്തെത്തിയത്. അമിതവണ്ണമുള്ള പവേലിന് 180 കിലോയോളം ഭാരമുണ്ടായിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് വിശദമാക്കി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് നടപടിക്രമങ്ങള്‍ പൂര്‍തിയാക്കിയ ശേഷം മൃതദേഹം വിട്ടുനല്‍കും.