'മർജാനി'ൽ കയറാൻ തിക്കും തിരക്കും; കുട്ടിയുടെ പിന്നിൽ പതുങ്ങിനിന്ന് മാല പൊട്ടിച്ചത് തട്ടമിട്ട രണ്ട് സ്ത്രീകൾ; ബസ് സ്റ്റാൻഡിലെ ദൃശ്യങ്ങൾ സിസിടിവിയിൽ; മോഷ്ടാക്കൾക്കായി വലവിരിച്ച് താനൂർ പോലീസ്

Update: 2026-02-18 14:20 GMT

മലപ്പുറം: തിരൂർ ബസ് സ്റ്റാൻഡിൽവെച്ച് ബസിൽ കയറുന്നതിനിടെ കുട്ടിയുടെ അരപ്പവൻ തൂക്കമുള്ള സ്വർണമാല കവർന്ന സ്ത്രീകൾക്കായി വലവിരിച്ച് പോലീസ്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി. കുഞ്ഞിനെയും കൂട്ടി വൈരംകോട് വേലയ്ക്ക് പോകുകയായിരുന്ന കുടുംബത്തിന്റെ മാലയാണ് നഷ്ടപ്പെട്ടത്.

'മർജാൻ' എന്ന ബസിൽ കയറാനുള്ള ശ്രമത്തിനിടെയായിരുന്നു മോഷണം നടന്നത്. തിക്കും തിരക്കുമുള്ള സമയത്ത് ആരുടെയും ശ്രദ്ധയിൽപ്പെടാതെയായിരുന്നു കവർച്ച. എന്നാൽ, ബസിലെ സിസിടിവി ക്യാമറയിൽ മോഷണത്തിന്റെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. തട്ടമിട്ട രണ്ട് സ്ത്രീകൾ തന്ത്രപരമായി കുട്ടിയുടെ കഴുത്തിൽ നിന്ന് മാല മോഷ്ടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ കയറാനായി നിരവധി പേർ ഡോറിന് സമീപം തിങ്ങിനിന്നിരുന്ന സമയത്താണ് കവർച്ച നടന്നത്.

കുട്ടിയുടെ പിന്നിൽ നിന്ന സ്ത്രീ ഇടതുകൈ ഉപയോഗിച്ച് മാല മോഷ്ടിക്കുന്നതാണ് സിസിടിവിയിൽ വ്യക്തമാകുന്നത്. സമീപത്തുള്ള ക്ഷേത്രത്തിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം വീട്ടുകാർ തിരിച്ചറിഞ്ഞത്. തുടർന്ന് ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മോഷണവുമായി ബന്ധപ്പെട്ട് വ്യക്തമായ വിവരങ്ങൾ ലഭിച്ചില്ല. പിന്നീട്, ബസ് ജീവനക്കാരുമായി ബന്ധപ്പെടുകയും ബസിലെ സിസിടിവി പരിശോധിക്കുകയുമായിരുന്നു.

ഈ ദൃശ്യങ്ങളാണ് കേസിൽ നിർണായകമായ വഴിത്തിരിവായത്. വീട്ടുകാരുടെ പരാതിയിൽ താനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരക്കേറിയ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘങ്ങളെ ചുറ്റിപ്പറ്റിയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. 

Tags:    

Similar News