'എന്റെ അപ്പയെ ഇനിയും നിങ്ങള്‍ അനുകരിക്കണം, അഭ്യര്‍ത്ഥനയാണ്; മനുഷ്യ മനസ്സില്‍ ഇന്നും ജീവിക്കുന്ന മനുഷ്യനാണ് എന്റെ അപ്പ'; കോട്ടയം നസീറിനോട് അഭ്യര്‍ഥിച്ച് ചാണ്ടി ഉമ്മന്‍

ഉമ്മന്‍ചാണ്ടിയെ അനുകരിക്കുന്നത് തുടരണം; കോട്ടയം നസീറിനോട് ചാണ്ടി ഉമ്മന്‍

Update: 2025-01-07 15:18 GMT

കോട്ടയം: ഉമ്മന്‍ചാണ്ടിയെ അനുകരിക്കുന്നത് ഇനിയും തുടരണമെന്ന് കോട്ടയം നസീറിനോട് ആവശ്യപ്പെട്ട് ചാണ്ടി ഉമ്മന്‍. മനുഷ്യ മനസ്സില്‍ ഇന്നും ജീവിക്കുന്ന മനുഷ്യനാണ് തന്റെ പിതാവ്, അദ്ദേഹത്തെ അനുകരിക്കുന്നതു കാണുന്നത് ഏറെ സന്തോഷമാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. നസീറിനെ ചേര്‍ത്തു നിര്‍ത്തിയാണ് ചാണ്ടി ഉമ്മന്‍ ഇതു സൂചിപ്പിച്ചത്.

ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ആദ്യദിനത്തിലായിരുന്നു ചാണ്ടി ഉമ്മനും കോട്ടയം നസീറും ഒരുമിച്ച് വേദി പങ്കിട്ടത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ചാണ്ടി ഉമ്മന്റെ വാക്കുകള്‍

എന്റെ അപ്പയെ മനോഹരമായി അനുകരിക്കുന്ന കലാകാരനാണ് കോട്ടയം നസീര്‍. കുറച്ചു നാള്‍ മുമ്പ് നസീര്‍ നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ എന്റെ ശ്രദ്ധയില്‍ വരുന്നത്.'ഞാനിനി ഉമ്മന്‍ ചാണ്ടി സാറിനെ അനുകരിക്കില്ലായെന്നായിരുന്നു നസീറിന്റെ പ്രതികരണം. അതിനു ശേഷം നസീറിനെ നേരിട്ട് കാണുന്നത് ഇപ്പോഴാണ്. എന്റെ അപ്പയെ ഇനിയും നിങ്ങള്‍ അനുകരിക്കണം, അഭ്യര്‍ത്ഥനയാണ്. മനുഷ്യ മനസ്സില്‍ ഇന്നും ജീവിക്കുന്ന മനുഷ്യനാണ് എന്റെ അപ്പ. അദ്ദേഹത്തെ അനുകരിക്കുന്നതു കാണുന്നത് ഏറെ സന്തോഷമാണ്. നസീറിനെ ചേര്‍ത്തു നിര്‍ത്തിയാണ് ചാണ്ടി ഉമ്മന്‍ ഇതു സൂചിപ്പിച്ചത്. നീണ്ട കരഘോഷത്തോടെയാണ് ചാങ്ങി ഉമ്മന്റെ ഈ അഭ്യര്‍ത്ഥനയെ തിങ്ങിക്കൂടിയവര്‍ സ്വാഗതം ചെയ്തത്.

'ഇവിടെ തുടങ്ങുന്ന ഏതു കാര്യവും വിജയമാകും. ഞാന്‍ പോലും എന്നായിരുന്നു സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രസകരമായി പറഞ്ഞത്. അപ്പോഴും നീണ്ട ചിരിയും, കരഘോഷവും ഉയര്‍ന്നു. തങ്ങളുടെ നാട്ടില്‍ ചിത്രീകരണത്തിനെത്തിയ അണിയറ പ്രവര്‍ത്തകര്‍ക്ക് ഏറെ വിജയാശംസകള്‍ നേര്‍ന്നാണ് നേതാക്കള്‍ മടങ്ങിയത്.

ശുക്രന്‍ ആരംഭിച്ചു

കേരള രാഷ്ട്രീയത്തിലെ രണ്ട് ജനപ്രിയ നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റേയും, ചാണ്ടി ഉമ്മന്റേയും സാന്നിധ്യത്തില്‍ പുതിയ സിനിമയ്ക്ക് തുടക്കം. ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രന്‍ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങളാണ് കോട്ടയത്തെ പനച്ചിക്കാട്ട് ആരംഭിച്ചത്.

നീല്‍ സിനിമാസ്, &, സൂര്യ ഭാരതിക്രിയേഷന്‍ എന്നിവയുടെ ബാനറില്‍ മനോജ് കുമാര്‍. കെ.പി, ഷാജി.കെ. ജോര്‍ജ്, ഷിജു. കെ. ടോം, എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ജീമോന്‍ ജോര്‍ജ്, ഗിരീഷ് പാലമൂട്ടില്‍, സഞ്ജു നെടുംകുന്നേല്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ചാണ്ടി ഉമ്മന്‍ ഫസ്റ്റ് ക്ലാപ്പും നല്‍കിക്കൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്. ബിബിന്‍ ജോര്‍ജും, കോട്ടയം നസീറുമാണ് ആദ്യരംഗത്തില്‍ അഭിനയിച്ചത്.

ഒരേ ലക്ഷ്യം നിറവേറ്റാന്‍ രണ്ടു സുഹൃത്തുക്കള്‍ നടത്തുന്ന ശ്രമങ്ങളുടെ രസകരമായ ആവിഷ്‌കാരമാണ് ശുക്രന്‍ എന്ന ചിത്രം. ആരാണ് ലക്ഷ്യം നേടുക എന്നതാണ് ഈ ചിത്രം നല്‍കുന്ന ഉത്തരം. ബിബിന്‍ ജോര്‍ജും ചന്തുനാഥുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാന്റിക്ക് കോമഡി ത്രില്ലറായ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും, ലാലു അലക്സും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ആദ്യപ്രഭയാണ് നായിക.

അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍,.ബിനു തൃക്കാക്കര , അജയ് വാസുദേവ്, മധു പുന്നപ്ര,കലാഭവന്‍ റഹ്‌മാന്‍, ഷാജി.കെ. ജോര്‍ജ്, ജീമോന്‍ ജോര്‍ജ്, ഷിജു കെ. ടോം, സഞ്ജു നെടുംകുന്നേല്‍, ദിലീപ് റഹ്‌മാന്‍,ഷാജു ഏബ്രഹാം,തുഷാര പിള്ള, സ്മിനു സിജോ, ദിവ്യാ എം. നായര്‍, ലേഖാ നായര്‍, ജയ,ബേബി ഇശല്‍, മാസ്റ്റര്‍ നവനീത്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രചന-രാഹുല്‍ കല്യാണ്‍, ഗാനങ്ങള്‍ - വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ രാജീവ് ആലുങ്കല്‍, സംഗീതം -സ്റ്റില്‍ജു അര്‍ജുന്‍, ഛായാഗ്രഹണം - മെല്‍വിന്‍ കുരിശിങ്കല്‍, കലാസംവിധാനം - അസീസ് കരുവാരക്കുണ്ട്, മേക്കപ്പ്- സിജേഷ് കൊണ്ടോട്ടി, കോസ്റ്റും - ഡിസൈന്‍ - ബ്യൂസി ബേബി ജോണ്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -ബോബി സത്യശീലന്‍, പ്രൊജക്റ്റ്ഡിസൈന്‍- അനുക്കുട്ടന്‍ ഏറ്റുമാന്നൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ - അനീഷ് തിരുവഞ്ചൂര്‍, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് - ജസ്റ്റിന്‍ കൊല്ലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദിലീപ് ചാമക്കാല.

Tags:    

Similar News