കൂട്ടംതെറ്റി വയനാട് മുള്ളന്‍കൊല്ലി ഭാഗത്തെത്തിയ കാട്ടാനക്കുട്ടിയെ വനം വകുപ്പ് പിടികൂടി; ഇടതു കാലിന് പരിക്കേറ്റ കുട്ടിയാനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റിയേക്കും
മുള്ളന്‍കൊല്ലി ഭാഗത്തെത്തിയ കാട്ടാനക്കുട്ടിയെ വനം വകുപ്പ് പിടികൂടി
വയനാട്: കാട്ടിക്കുളം എടയൂര്‍ക്കുനിക്ക് സമീപം കൂട്ടംതെറ്റി ജനവാസ മേഖലയിലേക്ക് എത്തിയ കാട്ടാനക്കുട്ടിയെ വനം വകുപ്പ് പിടികൂടി. തിരുനെല്ലി പഞ്ചായത്തിലെ ഓലഞ്ചേരി മുള്ളന്‍കൊല്ലി ഭാഗത്താണ് കാട്ടാനക്കുട്ടിയെത്തിയത്. ഇന്ന് രാവിലെ 7:30 യോടെയാണ് ജനവാസമേഖലയായ മുള്ളന്‍കൊല്ലി പ്രദേശത്ത് കുട്ടിയാനയെ കണ്ടെത്തിയത്. ഇടതു കാലിന് പരിക്കേറ്റ കാട്ടാനക്കുട്ടിയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റിയേക്കും.
കാലിന് പരുക്കേറ്റ കാട്ടാനക്കുട്ടി തോട്ടങ്ങളുടെയും ജനവാസ കേന്ദ്രങ്ങളിലൂടെയും ഓടിയതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിച്ചു. ആര്‍ആര്‍ടി അടക്കം വനപാലകസംഘം സ്ഥലത്തെത്തി. പിന്നീട് മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് വടം ഉപയോഗിച്ച് കാട്ടാനക്കുട്ടിയെ പിടികൂടിയത്
തുടര്‍ന്ന് വാഹനത്തില്‍ തോല്‍പ്പെട്ടിയിലെ വെറ്ററിനറി ക്ലിനിക്കിലേക്ക് ആനക്കുട്ടിയെ മാറ്റി. കടുവയുടെ ആക്രമണത്തിലാണ് കാലുകള്‍ക്ക് പരുക്കേറ്റ എന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. തുടര്‍ന്ന് കാട്ടാന കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെട്ട കുട്ടിയാന ജനവാസ പ്രദേശത്ത് എത്തിപ്പെട്ടതാണ് എന്നാണ് കരുതുന്നത്.
പ്രഥമിക പരിശോധനകള്‍ക്ക് ശേഷം കുട്ടിയാനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റാനാണ് സാധ്യത. ആരോഗ്യാവസ്ഥ മെച്ചപ്പെട്ടാലും കുട്ടിയാന കാട്ടാനക്കൂട്ടത്തിനൊപ്പം പോകാന്‍ സാധ്യത കുറവാണെന്നും വനം വകുപ്പ് വിലയിരുത്തുന്നു. പ്രദേശത്തെ നാട്ടുകാരുടെ സഹകരണമാണ് കുട്ടിയാനയെ പ്രയാസങ്ങള്‍ ഇല്ലാതെ പിടികൂടാന്‍ വനംവകുപ്പിനെ സഹായിച്ചത്.