കുന്നംകുളം കാവിലക്കാട് പൂരത്തിനിടെ രണ്ടുതവണ ആന ഇടഞ്ഞു; അഞ്ച് പേര്‍ക്ക് പരിക്ക്
കുന്നംകുളം കാവിലക്കാട് പൂരത്തിനിടെ രണ്ടുതവണ ആന ഇടഞ്ഞു; അഞ്ച് പേര്‍ക്ക് പരിക്ക്
തൃശ്ശൂര്‍: കുന്നംകുളം ചിറ്റഞ്ഞൂര്‍ കാവിലക്കാട് പൂരത്തിനിടെ രണ്ട് തവണ ആന ഇടഞ്ഞു. കീഴൂട്ട് വിശ്വനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്. പ്രാദേശിക കമ്മിറ്റിയുടെ എഴുന്നള്ളിപ്പിനിടെയായിരുന്നു ആന ആദ്യം ഇടഞ്ഞത്. തുടര്‍ന്ന്, തളച്ചതിന് ശേഷവും വീണ്ടും ആന വിരണ്ടോടി ഉത്സവപ്പറമ്പിലേക്കെത്തി. രണ്ട് തവണയും ആനയെ പെട്ടെന്ന് തന്നെ തളയ്ക്കാനായി.
എഴുന്നള്ളിപ്പിനിടെ ആന വിരണ്ടതോടെ ആനപ്പുറത്തുണ്ടായിരുന്ന നാല് പേര്‍ ചാടിയിറങ്ങി. ഇവര്‍ക്ക് നിസ്സാരമായി പരിക്കേറ്റിട്ടുണ്ട്. തളച്ചതിനുശേഷം സമീപത്തെ പറമ്പിലേക്ക് മാറ്റുന്നതിനിടെയാണ് ആന വീണ്ടും ഇടഞ്ഞത്. ഇടഞ്ഞ് ഉത്സവപ്പറമ്പിലേക്ക് വന്ന ആനയെ കണ്ട് ഓടിയ ഒരു സ്ത്രീക്ക് വീണ് പരിക്കേറ്റു. കോച്ചേരി സ്വദേശി മേരി(63)ക്കാണ് പരിക്കേറ്റത്. ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആനയെ കൊണ്ടുപോകുന്നതിനായി ചിറ്റഞ്ഞൂര്‍ പാടം വഴി നടത്തിക്കൊണ്ടു പോകുന്നതിനിടെയാണ് വീണ്ടും ആനയിടഞ്ഞ് അമ്പലത്തിന്റെ ഭാഗത്തേക്ക് ഓടിയത്. ആന ഓടിവരുന്നത് കണ്ട് അമ്പലത്തിന് സമീപത്ത് നിന്നിരുന്ന നന്തിലത്ത് ഗോപാലകൃഷ്ണന്‍ എന്ന ആന തിരിയുകയും ചെയ്തു.
ഇതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടി. സംഭവ സമയത്ത് അമ്പലത്തിന് സമീപം കച്ചവടം നടത്തിയിരുന്ന കേച്ചേരി പാറന്നൂര്‍ സ്വദേശിനി ചെറുവത്തൂര്‍ വീട്ടില്‍ മേരിക്കാണ് ആന വരുന്നത് കണ്ട് പേടിച്ച് ഓടുന്നതിനിടെ പരിക്കേറ്റത്. പരിക്കേറ്റ മേരിയെ കുന്നംകുളം പരസ്പര സഹായ സമിതിയെ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നന്തിലത്ത് ഗോപാലകൃഷ്ണന്‍ എന്ന ആനയെയും സംഭവസ്ഥലത്തുനിന്ന് കൊണ്ടുപോയി.
സംഭവം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കീഴൂട്ട് വിശ്വനാഥന്‍ ഇടഞ്ഞ് നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ന് വൈകിട്ട് 3.30 യോടെയായിരുന്നു സംഭവം. ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ആനപ്പുറത്തുനിന്നും താഴേക്ക് ചാടിയവര്‍ക്കാണ് പരിക്കേറ്റത്. രാജേഷ്(32), വിപിന്‍( 26 ), ഉണ്ണി(31 ), സുധീഷ്( 24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചെറുപുഷ്പം കമ്മിറ്റിക്ക് വേണ്ടി എഴുന്നള്ളിപ്പിന് എത്തിയതായിരുന്നു കൊമ്പന്‍.
ഇടഞ്ഞ ആന ചിറ്റൂഞ്ഞൂര്‍ പാടം ഭാഗത്തേക്ക് ഓടുകയും പിന്നീട് ആനയെ പാപ്പാന്മാരുടെ നേതൃത്വത്തില്‍ സമീപത്തെ പറമ്പില്‍ തളക്കുകയും ചെയ്തു. ആനപ്പുറത്ത് ഉണ്ടായിരുന്നവര്‍ താഴേക്ക് ചാടുന്നതിനിടയിലാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.