ലണ്ടനില്‍ ഇറാന്‍ അനുകൂല പ്രകടനത്തിന് അനുമതി നിഷേധിച്ച് ഹോം ഡിപ്പാര്‍ട്ട്‌മെന്റ്: വെറുപ്പും വിദ്വേഷവും പരത്തുന്നവര്‍ക്കെതിരെ നടപടിയെന്ന് ഹോം സെക്രട്ടറി
ലണ്ടനില്‍ ഇറാന്‍ അനുകൂല പ്രകടനത്തിന് അനുമതി നിഷേധിച്ച് ഹോം ഡിപ്പാര്‍ട്ട്‌മെന്റ്
ലണ്ടന്‍: വരുന്ന വാരാന്ത്യത്തില്‍ നടത്താനിരുന്ന ഇറാന്‍ അനുകൂലികളുടെ പ്രകടനത്തിനുള്ള അനുമതി പിന്‍വലിക്കണമെന്ന ആവശ്യത്തിന് ഹോം സെക്രട്ടറി അവസാനം വഴങ്ങി. അല്‍ ക്വദിന്റെ, വിഭാഗീയത സൃഷ്ടിക്കുന്ന പ്രകടനത്തിന് ബ്രിട്ടീഷ് സമൂഹത്തില്‍ ഇടമില്ലെന്ന് നേരത്തെ ഒരു മന്ത്രി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഈ തീരുമാനം വരുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയിടുന്നതായിരിക്കും ഇത്തരത്തിലുള്ള പ്രകടനങ്ങള്‍ എന്ന് എം പിമാരും പ്രഭു സംഭാംഗങ്ങളും ഉള്‍പ്പെടുന്ന നൂറോളം ലേബര്‍ നേതാക്കള്‍ ഹോം സെക്രട്ടറി ഷബാന മഹ്‌മൂദിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
ഈ പ്രകടനം നിരോധിക്കണമെന്ന സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിന്റെ ആവശ്യം അംഗീകരിക്കുകയാണെന്നായിരുന്നു ഹോം ഓഫീസ് വക്താവ് അറിയിച്ചത്. ക്രമസമാധാന ഭംഗത്തിനു വരെ വഴിതെളിച്ചേക്കാമായിരുന്ന ഒരു റാലി നിരോധിക്കുന്നതില്‍ സംതൃപ്തിയുണ്ടെന്ന് ഹോം സെക്രട്ടറിയും പറഞ്ഞു. മദ്ധ്യ പൂര്‍വ്വ ഏഷയിലെ വര്‍ത്തമാനകാല സംഘര്‍ഷങ്ങള്‍ക്കിടയില്‍ ബ്രിട്ടനില്‍ പ്രതിഷേധങ്ങളും അതിനെതിരെയുള്ള പ്രതിഷേധങ്ങളുമൊക്കെയായി അന്തരീക്ഷം കലുഷിതമാകുന്നത് നല്ലതല്ലെന്നും അവര്‍ പറഞ്ഞു.
വെറുപ്പും വിദ്വേഷവും പരത്തുന്നവര്‍ക്കെതിരെ, സാധ്യമായ എല്ലാ നിയമങ്ങളും ഉപയോഗിച്ച് കടുത്ത നടപടികള്‍ കൈക്കൊള്ളുമെന്നും ഹോം സെക്രട്ടറി അറിയിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ദുരുപയോഗപ്പെടുത്താന്‍ അനുവദിക്കില്ലെന്നും അവര്‍ ഉറപ്പിച്ചു പറഞ്ഞു. ഇസ്ലാമിക് ഹ്യുമന്‍ റൈറ്റ്‌സ് കമ്മീഷനാണ് ലണ്ടനില്‍ അല്‍ ക്വദ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.