കേരളത്തിന്റെ പല ഭാഗത്തും നെല്‍പ്പാടങ്ങള്‍ അനധികൃതമായി മണ്ണിട്ട് നികത്തുന്നത് തടയും; ആലപ്പുഴയില്‍ എട്ട് വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ട് ഓഫീസുകളാക്കുമെന്ന് മന്ത്രി കെ രാജന്‍

Update: 2025-01-27 14:02 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ എട്ട് വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. നവീകരിച്ച ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിന്റെയും ഓഫീസിന്റെയും സ്നേഹ പൂര്‍വ്വം കളക്ടര്‍ എന്ന ജില്ലാ കളക്ടറുടെ പരാതി പരിഹാര പോര്‍ട്ടലിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

അരൂര്‍ മണ്ഡലത്തിലെ അരൂര്‍, ആലപ്പുഴ- പാതിരാപ്പള്ളി, കുട്ടനാട് - വീയപുരം ,അമ്പലപ്പുഴ- പുറക്കാട്, ഹരിപ്പാട്- ആറാട്ടുപുഴ, മാവേലിക്കര - നൂറനാട്, കായംകുളം- പെരിങ്ങാല, ചെങ്ങന്നൂര്‍ - മാന്നാര്‍ എന്നീ എട്ടു വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ട് ഓഫീസുകളാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഒരോ വില്ലേജ് ഓഫീസിനും 45 ലക്ഷം രൂപ വീതമാണ് ഇതിനായി അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ വിവിധ 10 രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് കേരളത്തിലുള്ള അവരുടെ ഭൂമിയുടെ പോക്കുവരവ് നടത്താനും ഭൂമി തരംമാറ്റുവാനും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ ആ രാജ്യങ്ങളില്‍ തന്നെ ഇരുന്ന് ഓണ്‍ലൈനായി ചെയ്യുന്നതിനുള്ള സംവിധാനം റവന്യൂ വകുപ്പ് നടത്തികൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ പല ഭാഗത്തും നെല്‍പ്പാടങ്ങള്‍ അനധികൃതമായി മണ്ണിട്ട് നികത്തുന്നത് തടയും. അനധികൃതമായ മണ്ണിട്ട് നികത്തിയ പാടങ്ങളും തണ്ണീര്‍തടങ്ങളും കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അനുസരിച്ച് പൂര്‍വ്വ സ്ഥിതിയിലാക്കുവാന്‍ ഉടമ വിസമതിക്കുകയാണെങ്കില്‍ ജില്ലാ കളക്ടറുമാരുടെ നേതൃത്വത്തില്‍ അവ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനും

ഇതിനായി 2 കോടി രൂപ 14 ജില്ലാ കളക്ടര്‍മാര്‍ക്കും റിവോള്‍വിങ് ഫണ്ടായി അനുവദിക്കുന്ന കാര്യവും റവന്യൂ വകുപ്പിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിച്ചു. ഉദ്യോഗസ്ഥ സംവിധാനം ജനാധിപത്യത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണെന്നും ഈ സംവിധാനത്തിന് ജനതയോട് വലിയ ഉത്തരവാദിത്തം ഉണ്ടെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ സ്‌കൂള്‍ ടോട്ടല്‍ എക്സലന്‍സ് പ്രോഗ്രാമിന്റ ഭാഗമായി സാമ്പത്തിക സഹായം വേണ്ട ഏഴ് കുട്ടികള്‍ക്ക് പരിപാടിയില്‍ മന്ത്രി കെ രാജന്‍ ചെക്കുകള്‍ കൈമാറി. എം.എല്‍.എമാരായ എച്ച് സലാം, പി പി ചിത്തരഞ്ജന്‍ , ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, എ ഡി എം ആശാ സി എബ്രഹാം , സബ് കളക്ടര്‍ സമീര്‍ കിഷന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News