സംസ്ഥാനത്ത് പേവിഷബാധമൂലമുള്ള മരണവും കടിയേറ്റ് ചികിത്സതേടുന്നവരുടെ എണ്ണവും കൂടുന്നു; കഴിഞ്ഞ വര്‍ഷം മാത്രം മരിച്ചത് 26 പേര്‍

സംസ്ഥാനത്ത് പേവിഷബാധമൂലമുള്ള മരണവും കടിയേറ്റ് ചികിത്സതേടുന്നവരുടെ എണ്ണവും കൂടുന്നു

Update: 2025-02-04 01:56 GMT

കൊല്ലം: സംസ്ഥാനത്ത് തെരുവു നായ്ക്കളുടെ ആക്രണം വര്‍ദ്ധിക്കുന്നു. ഓരോ വര്‍ഷം കഴിയും തോറും പേവിഷബാധമൂലമുള്ള മരണവും തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സതേടുന്നവരുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞവര്‍ഷം മാത്രം പേവിഷബാധയേറ്റ് 26 പേര്‍ മരിച്ചു. നായ്ക്കളുടെ കടിയേറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം മൂന്നുലക്ഷത്തിലധികം പേരാണ് ചികിത്സതേടിയത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടുന്നവരുടെ എണ്ണം ഇതിലും കൂടും. 2023-നെക്കാള്‍ കഴിഞ്ഞ വര്‍ഷം പതിനായിരത്തിലധികം പേര്‍ക്ക് നായയുടെ കടിയേറ്റതായാണ് സര്‍ക്കാര്‍ കണക്കുകള്‍. വന്ധ്യംകരണവും വാക്‌സിനേഷനും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പാളുന്നുവെന്നതിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ചൂണ്ടുന്നത്.

2021 മുതലാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങളില്‍ വര്‍ധനയുണ്ടായത്. പത്തില്‍താഴെമാത്രമായിരുന്ന മരണനിരക്ക് 2021-ല്‍ പതിനൊന്നായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 25-നും മുകളിലായി. 2022-ല്‍ 27 പേര്‍ പേവിഷബാധയേറ്റ് മരിച്ചു, 2023-ല്‍ 25 പേരും. സര്‍ക്കാര്‍ കണക്കുകളിലുള്ള തെരുവുനായ്ക്കളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ഓരോ വര്‍ഷവും നായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍. 2019-ലെ ലൈവ് സ്റ്റോക്ക് സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 2,89,986 തെരുവുനായ്ക്കളാണുള്ളത്. എന്നാല്‍ കഴിഞ്ഞവര്‍ഷംമാത്രം നായ്ക്കളുടെ കടിയേറ്റ് ചികിത്സതേടിയവരുടെ എണ്ണം 3,16,793. കഴിഞ്ഞവര്‍ഷം കൂടുതല്‍പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റത് തലസ്ഥാനജില്ലയിലാണ്-50,870. കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളാണ് തൊട്ടുപിന്നില്‍.

2021 മുതലാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങളില്‍ വര്‍ധനയുണ്ടായത്. തെരുവുനായ്ക്കളുടെ വംശവര്‍ധന നിയന്ത്രിക്കാന്‍ മൃഗസംരക്ഷണവകുപ്പും തദ്ദേശവകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന എ.ബി.സി.പദ്ധതി മിക്ക തദ്ദേശസ്ഥാപനങ്ങളിലുമില്ല. വിവിധ ജില്ലകളിലായി 15 എ.ബി.സി.സെന്ററുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇവ പ്രവര്‍ത്തിക്കുന്നിടങ്ങളില്‍ മാത്രമേ ശസ്ത്രക്രിയകളും നടക്കുന്നുള്ളൂ. ശസ്ത്രക്രിയയ്ക്കുശേഷം നായ്ക്കളെ പിടിക്കുന്നിടത്തുതന്നെ ഉപേക്ഷിക്കുകയാണ്. ശസ്ത്രക്രിയയ്ക്കു വിധേയമാക്കുന്ന നായ്ക്കള്‍ക്ക് പേവിഷപ്രതിരോധ കുത്തിവെപ്പെടുക്കുമെങ്കിലും ഒരുവര്‍ഷം മാത്രമാണ് ഇതിന്റെ കാലാവധി.

Tags:    

Similar News