അതിരപ്പള്ളിയിലെ മലയോര മേഖലകളില്‍ മ്ലാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ഒരാഴ്ചയ്ക്കിടെ ചത്തത് 50 ലേറെ മ്ലാവുകള്‍: കാരണം കണ്ടെത്താതെ വനപാലകര്‍
അതിരപ്പള്ളിയിലെ മലയോര മേഖലകളില്‍ മ്ലാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
അതിരപ്പിള്ളി: ആശങ്ക പടര്‍ത്തി അതിരപ്പള്ളിയിലെ മലയോരമേഖലയില്‍ മ്ലാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. 50 ലേറെ മ്ലാവുകളാണ് ഒരാഴ്ചയ്ക്കിടെ ചത്തൊടുങ്ങിയത്. അതിരപ്പിള്ളി, കോടശ്ശേരി, പരിയാരം പഞ്ചായത്തുകളിലെ വനമേഖലകളിലാണ് മ്ലാവുകള്‍ കൂട്ടത്തോടെ ചത്തത്. പരിയാരം റേഞ്ചിലെ വനമേഖലയില്‍ വെട്ടിക്കുഴി, പണ്ടാരംപാറ, കോട്ടമല, ചൂളക്കടവ്, പച്ചക്കാട് എന്നീ ഭാഗങ്ങളിലാണ് മ്ലാവുകള്‍ കൂടുതലായും ചത്തുകിടക്കുന്നതായി കണ്ടത്.
മ്ലാവുകള്‍ കൂട്ടത്തോടെ ചത്ത് ഒരാഴ്ച പിന്നിട്ടിട്ടും കാരണം കണ്ടെത്താനോ നടപടികള്‍ സ്വീകരിക്കാനോ വനപാലകര്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം തൃശ്ശൂര്‍ മൃഗശാലയിലെ ഡോ: മിഥുന്‍, ചത്ത മ്ലാവുകളെ പരിശോധിക്കുകയും ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
വിദഗ്ധ പരിശോധനയ്ക്ക് ശേഷമേ എന്താണ് സംഭവിച്ചത് എന്ന് പറയാന്‍ സാധിക്കൂവെന്ന് വനം വകുപ്പ് അറിയിച്ചു. നേരത്തെ പിള്ളപ്പാറ ഭാഗത്ത് മ്ലാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. മ്ലാവുകള്‍ കൂട്ടത്തോടെ ചത്തതോടെ പ്രദേശത്തെ ക്ഷീരകര്‍ഷകരും ആശങ്കയിലാണ്. ക്ഷീരകര്‍ഷകര്‍ കന്നുകാലികളെ മേയാന്‍ വിടുന്ന പറമ്പുകളിലും വനമേഖലയിലും തോടുകളിലും മ്ലാവുകള്‍ ചത്തുകിടക്കുന്നതാണ് ആശങ്ക പരത്തുന്നത്.
മ്ലാവ്, ചത്തു കിടക്കുന്നു, അതിരപ്പള്ളി, athirappally