ചപ്പു ചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീ ആളിപ്പടര്‍ന്നു; പൊള്ളലേറ്റ് വയോധികന്‍ മരിച്ചു
ചവറിൽനിന്നു തീപടർന്ന് വയോധികൻ പൊള്ളലേറ്റു മരിച്ചു
പാറശ്ശാല: ചപ്പു ചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീ ആളിപ്പടര്‍ന്നു പൊള്ളലേറ്റ് വയോധികന്‍ മരിച്ചു. പാറശ്ശാലയ്ക്കുസമീപം പൂഴിക്കുന്ന് വെങ്കടമ്പ് പിലിയാംകോണത്ത് സന്ധ്യാഭവനില്‍ മുരളീധരന്‍നായര്‍(80) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ മുരളീധരന്‍നായര്‍ വെട്ടുകത്തിയും തീപ്പെട്ടിയുമായി വീടിനു സമീപത്തെ പുരയിടത്തിലേക്കു പോയിരുന്നു. പുരയിടത്തിലെ ഉണങ്ങിയ ഇലകളും മറ്റു ചപ്പുചവറുകളും കൂട്ടിയിട്ടു തീ കത്തിക്കവെ തീ ആളിപ്പടര്‍ന്നു. വേനല്‍ക്കാലമായതിനാല്‍ സമീപത്തെ ഉണങ്ങിയ ഇലകളിലേക്കും തീ പടരുകയും മുരളീധരന്‍ നായര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. തീ ആളിപ്പടരുന്നതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും മുരളീധരന്‍ നായരെ രക്ഷിക്കാന്‍ സാധിച്ചില്ല.
പൂവാര്‍ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയശേഷം മൃതദേഹം നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഭാര്യ: പദ്മകുമാരി. മക്കള്‍: പ്രമോദ്, സന്ധ്യ.