ട്രാന്‍സ് മനുഷ്യരെ എന്തും ചെയ്യാമെന്ന് ആരും കരുതരുത്; അന്യായമായ അതിക്രമങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും മുതിരുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ ഉണ്ടാകും; ട്രാന്‍സ് ജെന്‍ഡര്‍ യുവതിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി
തിരുവനന്തപുരം : ട്രാന്‍സ് ജെന്‍ഡര്‍ യുവതിക്ക് ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി ആര്‍ ബിന്ദു. ട്രാന്‍സ് മനുഷ്യരെ എന്തും ചെയ്യാമെന്ന് ആരും കരുതരുതെന്നും അവര്‍ക്കെതിരെ അന്യായമായ അതിക്രമങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും മുതിരുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സംഭവത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആക്ട് പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നും നിയമപരമായി നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തെ പറ്റി അന്വേഷിക്കാനും അടിയന്തിര റിപ്പോര്‍ട്ട് നല്‍കുവാനും സാമൂഹ്യനീതി വകുപ്പു ഡയറക്ടര്‍ക്കും,ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കും മന്ത്രി അടിയന്തിര നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാക്കനാട് താമസിക്കുന്ന ഏയ്ഞ്ചല്‍ എന്ന യുവതിക്കാണ് കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റത്. കമ്പി വടിയുമായി എത്തിയ ലോറി ഡ്രൈവറാണ് ഏയ്ഞ്ചലിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ചത്. തീര്‍ത്തുകളയുമെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം.