ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ പണം സാമ്പാദിക്കാം; അഞ്ചല്‍ സ്വദേശിയായ യുവാവിനെ കബളിപ്പിച്ച് തട്ടിയത് പതിനാലര ലക്ഷം രൂപ: രണ്ടു പേര്‍ അറസ്റ്റില്‍

അഞ്ചല്‍ സ്വദേശിയായ യുവാവിനെ കബളിപ്പിച്ച് തട്ടിയത് പതിനാലര ലക്ഷം രൂപ: രണ്ടു പേര്‍ അറസ്റ്റില്‍

Update: 2025-02-11 00:50 GMT

കൊല്ലം: ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ ലക്ഷങ്ങളുടെ ലാഭം വാഗ്ദാനം ചെയ്ത് കൊല്ലം അഞ്ചല്‍ സ്വദേശിയില്‍ നിന്നും പതിനാലര ലക്ഷം രൂപ തട്ടിയെടുത്ത പ്രതികള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി ഷംനാസ്, ഇടുക്കി സ്വദേശി ലിജോ എന്നിവരാണ് പിടിയിലായത്. തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. സമൂഹ മാധ്യമത്തിലൂടെ ജോലി തേടിയ യുവാവാണ് തട്ടിപ്പിന് ഇരയായത്. ഹെല്‍സ്ബര്‍ഗ് ഡയമണ്ട് എന്ന സ്ഥാപനത്തില്‍ തൊഴില്‍ അവസരം ഉണ്ടെന്ന് കണ്ടാണ് അഞ്ചല്‍ ഇടമുളയ്ക്കല്‍ സ്വദേശിയായ യുവാവ് പ്രതികളെ ബന്ധപ്പെടുന്നത്.

ഇതോടെ ഷംനാസും ലിജോയും യുവാവുമായി ബന്ധം സ്ഥാപിച്ചു. ഓണ്‍ലൈന്‍ വ്യാപരത്തിലൂടെ പണം സമ്പാദിക്കാമെന്ന് വാട്‌സാപ്പ് വഴി സന്ദേശങ്ങള്‍ അയച്ചും പരിശീലനം നല്‍കിയും തട്ടിപ്പുകാര്‍ ആദ്യം യുവാവിന്റെ വിശ്വാസം പിടിച്ചു പറ്റി. പിന്നീട് ജോലിയില്‍ കയറിയതായി വിശ്വസിപ്പിച്ച് ചെറിയ തുകകള്‍ യുവാവിന്റെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇറുവരും ചേര്‍ന്ന് വന്‍ തുക തട്ടിയെടുത്തത്. ഡയമണ്ടിന്റെ വിവിധ മോഡലുകള്‍ ഓര്‍ഡര്‍ ചെയ്ത് മറ്റൊരാള്‍ക്ക് വിറ്റാല്‍ വന്‍ ലാഭം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പല തവണയായി പ്രതികള്‍ യുവാവില്‍ നിന്നും പണം കൈക്കലാക്കിയത്.

പ്രതികളെ വിശ്വാസത്തിലെടുത്ത യുവാവ് ബാങ്ക് അക്കൗണ്ടുകള്‍ വഴി പതിനാലര ലക്ഷത്തോളം രൂപ അയച്ചു നല്‍കുക ആയിരുന്നു. എന്നാല്‍ പ്രതികള്‍ പറഞ്ഞ പോലെ വ്യാപാരം നടക്കാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയത്. തുടര്‍ന്ന് അഞ്ചല്‍ പൊലീസില്‍ യുവാവ് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷംനാസും ലിജോയും അറസ്റ്റിലായത്.

തട്ടിയെടുത്ത പണം ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയതായും പൊലീസ് കണ്ടെത്തി. അറസ്റ്റിലായ ഷംനാസ് സിനിമ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നയാളാണെന്നും പൊലീസ് വ്യക്തമാക്കി. തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കൂടുതല്‍ പേര്‍ സമാനമായ രീതിയില്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അഞ്ചല്‍ ഉള്‍പ്പടെയുള്ള കിഴക്കന്‍ മലയോര മേഖലയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:    

Similar News