പന്നിയാര്‍കുട്ടിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്നയാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍
ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം
അടിമാലി: രാജാക്കാട് പന്നിയാര്‍കുട്ടിക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ ദാരുണമായി മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജീപ്പ് ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുു. പന്നിയാര്‍ കുട്ടി ഇടയോട്ടിയില്‍ ബോസ് (55) ഭാര്യ റീന ( 48) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ജീപ്പില്‍ ഉണ്ടായിരുന്ന പന്നിയാര്‍കുട്ടി തട്ടപ്പിള്ളിയില്‍ അബ്രാഹാ (50)മിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി 10. 30-ഓടെ ആയിരുന്നു സംഭവം. ബോസും റീനയും ബന്ധുവീട്ടില്‍ പോയി മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. പന്നിയാര്‍ കുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. പന്നിയാര്‍ കുട്ടി പള്ളിക്ക് സമീപം എത്തിയപ്പോള്‍ നിയന്ത്രണം വിട്ട ജീപ്പ് നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംഭവം നടന്ന സ്ഥലം കുത്തനെയുള്ള ഇറക്കവും റോഡിന് വീതി കുറഞ്ഞ പ്രദേശവുമാണ്. മുല്ലക്കാനത്ത് ബന്ധുവീട്ടില്‍ പോയി തിരികെ വരികയായിരുന്നു.
പരിക്കേറ്റ മൂന്നു പേരെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബോസും റീനയും വരും വഴി മരണപ്പെട്ടു. മരിച്ച റീന ഒളിമ്പ്യന്‍ കെ.എം. ബീനാ മോളുടെ സഹോദരിയാണ്. പരിക്കേറ്റ അബ്രഹാം ആണ് ജീപ്പ് ഓടിച്ചിരുന്നത്. മരിച്ച രണ്ടുപേരുടെയും മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.