എയര്‍ ഇന്ത്യാ വിമാനത്തിന്റെ ശൗചാലയത്തില്‍ പുകവലിച്ചു; ആലപ്പുഴ സ്വദേശിയായ യാത്രക്കാരന്‍ അറസ്റ്റില്‍

എയര്‍ ഇന്ത്യാ വിമാനത്തിന്റെ ശൗചാലയത്തില്‍ പുകവലിച്ചു; ആലപ്പുഴ സ്വദേശിയായ യാത്രക്കാരന്‍ അറസ്റ്റില്‍

Update: 2025-03-03 02:54 GMT

തിരുവനന്തപുരം: എയര്‍ ഇന്ത്യാ വിമാനത്തിന്റെ ശൗചാലയത്തില്‍ പുകവലിച്ച യാത്രക്കാരനെ പോലിസ് അറസ്റ്റുചെയ്തു. ദമാമില്‍നിന്ന് ഞായറാഴ്ച രാവിലെ 7.30-ന് തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനും ആലപ്പുഴ മാന്നാര്‍ എരുമത്തൂര്‍ പാദൂര്‍ സ്വദേശിയുമായ മുഹമ്മദാലി ഹൈദ്രോസ്‌കുട്ടി(54)യെയാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്.

യാത്രയ്ക്കിടയില്‍ ശൗചാലയത്തില്‍ കയറിയ ഇയാള്‍ ലൈറ്റര്‍ ഉപയോഗിച്ച് സിഗരറ്റ് കത്തിച്ചു. ഇതോടെ പുക ഉയരുകയും വിമാനത്തിലെ അഗ്‌നിസുരക്ഷാ അലാറം മുഴങ്ങുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് ശൗചാലയത്തില്‍നിന്നു പുറത്തുവന്ന മുഹമ്മദാലിയെ ജീവനക്കാര്‍ തടഞ്ഞുവെച്ചു. വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയശേഷം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എയര്‍പോര്‍ട്ട് മാനേജരെ വിവരമറിയിച്ചു.

തുടര്‍ന്ന് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെയും വിമാനക്കമ്പനി ഉദ്യോഗസ്ഥരുടെയും സഹായത്തോടെ യാത്രക്കാരനെ തടഞ്ഞുവെച്ച് പോലീസിനു കൈമാറുകയായിരുന്നു. വിമാനത്തില്‍ യാത്രചെയ്യുമ്പോള്‍ അപകടകരമായതും തീപിടിപ്പിക്കുന്നതുമായ വസ്തുക്കള്‍ കൈവശം വെക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചതിന് വലിയതുറ പോലീസ് കേസെടുത്തതായി എസ്.എച്ച്.ഒ. അശോക് കുമാര്‍ അറിയിച്ചു.

Tags:    

Similar News