അസമില്‍ കടയുടമയെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചിട്ട് മുങ്ങി; കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസവും ജോലിയും; പ്രതി അറസ്റ്റില്‍
അസമില്‍ കടയുടമയെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ച പ്രതി കണ്ണൂരില്‍ അറസ്റ്റില്‍
കണ്ണൂര്‍ : അസമില്‍ കടയുടമയെ വെടിവെച്ച് നാടുവിട്ട് കണ്ണൂരിലെത്തിയ അസം സ്വദേശിയെ പിടി കൂടി ചക്കരക്കല്‍ പൊലീസ്
അസമിലെ ധുബ്രി ജില്ലയിലെ മൊയ്‌നില്‍ ഹഖിനെയാണ് (31) ചക്കരക്കല്ല് സി ഐ എംപി ആസാദ്,എസ് ഐ വൈശാഖ് കെ വിശ്വന്‍, അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചെമ്പിലോട് നിന്നും പിടികൂടിയത്.
ഒരാഴ്ച മുന്‍പാണ് കേസിനാസ്പദമായ സംഭവം. അസമിലെ ഹദ്ദേമാറ വില്ലേജിലെ വ്യാപാരിയെ വെടിവച്ച ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു കണ്ണൂരിലെത്തിയതായി വിവരം ലഭിച്ച അസം പോലീസ് കഴിഞ്ഞ ദിവസം കണ്ണൂരിലെത്തി ചക്കരക്കല്‍ പൊലീസിന്റെ സഹായം തേടുകയായിരുന്നു.
രണ്ടു ദിവസം മുമ്പ് കണ്ണൂരില്‍ എത്തിയ പ്രതി കാഞ്ഞിരോട് കുടുക്കി മെട്ടയില്‍ താമസിക്കുന്ന അസം സ്വദേശികളായ അതിഥി തൊഴിലാളികള്‍ക്കൊപ്പം താമസം തുടങി കുറ്റകൃത്യം മറച്ച് വച്ച് ഇവര്‍ക്കൊപ്പം ജോലി ചെയ്ത് വരിയായിരുന്നു. ചെമ്പിലോട് പഞ്ചായത്തിലെ പൂവത്തില്‍ തറയില്‍ ഒരു വീടിന്റെ നിര്‍മ്മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടു വരുന്നതായും പൊലീസിന് വിവരം ലഭിച്ചു. ഇത് മനസ്സിലാക്കിയ ചക്കരക്കല്‍ പോലീസ് വീട് നിര്‍മാണം നടക്കുന്ന സ്ഥലത്ത് എത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു. താമസ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയ ശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി .