വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍ വധുവിന് കലശലായ വയറുവേദന; ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ യുവതി പ്രസവിച്ചു

വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍ വധുവിന് കലശലായ വയറുവേദന; ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ യുവതി പ്രസവിച്ചു

Update: 2025-03-05 02:37 GMT

പ്രയാഗ് രാജ്: വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍ വധുവിന് സുഖപ്രസവം. വിവാഹത്തിന്റെ രണ്ടാം ദിനമാണ് നവ ദമ്പതികള്‍ വരന്റെ വീട്ടിലെത്തിയത്. അവിടെ ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നതിനിടെ വധുവിന് കലശലായ വയറുവേദന അനുഭവപ്പെട്ടു. വേദന സഹിക്കാതെ കരഞ്ഞ യുവതിയെ വീട്ടുകാര്‍ ഉടനടി ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ യുവതി കുഞ്ഞിന് ജന്മം നല്‍കുക ആയിരുന്നു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് വരന്റെ വീട്ടുകാരെ ഒന്നടങ്കം ഞെട്ടിച്ച സംഭവം.

ഫെബ്രുവരി 24 ന് വധുവിന്റെ വീട്ടിലായിരുന്നു ഇരുവരുടേയും വിവാഹം. അടുത്ത ദിവസം ഇരുവരും വരന്റെ വീട്ടിലേക്ക് എത്തി. ഫെബ്രുവരി 26 നാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. രാവിലെ ഉറക്കമുണര്‍ന്ന വധു കുടുംബത്തിലെ എല്ലാവര്‍ക്കും ചായ നല്‍കി. പുതിയ മരുമകള്‍ വീട്ടിലെത്തിയ സന്തോഷത്തിലായിരുന്നു എല്ലാവരും. എന്നാല്‍ വൈകിട്ട് യുവതിക്ക് കടുത് വയറുവേദന അനുഭവപ്പെട്ടു. ഇതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.

ശക്തമായ വയറുവേദനയോടെ നിലവിളിച്ച യുവതിയെ വീട്ടുകാര്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് യുവതി ഗര്‍ഭിണിയാണെന്നും പ്രസവ വേദനയിലാണ് നിലവിളിച്ചതെന്നും വീട്ടുകാര്‍ തിരച്ചറിഞ്ഞത്. ഞെട്ടിപ്പോയ വരന്റെ കുടുംബക്കാരോട് ഡോക്ടര്‍മാരുടെ സംഘം ആവശ്യപ്പെട്ടത് മെഡിക്കല്‍ സമ്മതപത്രത്തില്‍ ഒപ്പിടാനായിരുന്നു. രണ്ട് മണിക്കൂറിനുള്ളില്‍ വധു കുഞ്ഞിന് ജന്മം നല്‍കി.

ഇതോടെ വരന്റെ കുടുംബവും വധുവിന്റെ കുടുംബവും തമ്മില്‍ വഴക്ക് തുടങ്ങി. വധുവിന്റെ കുടുംബം ഗര്‍ഭം മറച്ചുവെന്നാണ് വരന്റെ കുടുംബത്തിന്റെ ആരോപണം. എന്നാല്‍ വരനും വധുവും വിവാഹത്തിന് മുന്‍പും പലതവണ കണ്ടിരുന്നതായി വധുവിന്റെ മാതാപിതാക്കള്‍ തിരിച്ചടിച്ചു. കഴിഞ്ഞ വര്‍ഷം മേയിലാണ് വിവാഹം നിശ്ചയിച്ചിരുന്നതെന്നും അതിന് ശേഷം ഇരുവരും കണ്ടിരുന്നതായും വധുവന്റെ പിതാവ് പറഞ്ഞു. എന്നാല്‍ ഈ വാദത്തെ എതിര്‍ത്ത വരന്‍ നാല് മാസം മുന്‍പ് ഒക്ടോബറിലാണ് തന്റെ വിവാഹം നിശ്ചയിച്ചതെന്നും ഈ പെണ്‍കുട്ടിയെ ഇനി സ്വീകരിക്കില്ലെന്നും വ്യക്തമാക്കി.

വരന്റെ വീട്ടുകാര്‍ സ്ത്രീധനം വാങ്ങി മകളെ ഉപേക്ഷിച്ചതായാണ് വധുവിന്റെ അമ്മയുടെ ആരോപണം. മകളെ സ്വീകരിക്കാന്‍ കുടുംബം വിസമ്മതിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. പ്രശ്‌നം രൂക്ഷമായതോടെ ചേര്‍ന്ന പഞ്ചായത്ത് കൗണ്‍സില്‍ യോഗം വിഷയം ചര്‍ച്ച ചെയ്ത് വധു കുട്ടിയുമായി സ്വന്തം വീട്ടിലേക്ക് പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

Tags:    

Similar News