65കാരിയെ ബന്ദിയാക്കിയത് അഞ്ച് മണിക്കൂര്‍; കഴുത്തില്‍ കത്തിവെച്ച ശേഷം മൂന്നു പവന്റെ മാലയും പണവും കവര്‍ന്ന് ലഹരിക്ക് അടിമയായ യുവാവ്: ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

65കാരിയെ ബന്ദിയാക്കി മൂന്നു പവന്റെ മാലയും പണവും കവര്‍ന്ന് ലഹരിക്ക് അടിമയായ യുവാവ്

Update: 2025-03-06 00:03 GMT

കോട്ടയം: ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ വീട്ടില്‍ക്കയറി ആക്രമിച്ചും ഭീഷണിപ്പെടുത്തിയും സ്വര്‍ണവും പണവും തട്ടിയെടുത്ത് യുവാവ്. ലഹരിക്ക് അടിമയായ യുവാവാണ് 65കാരിയെ അഞ്ച് മണിക്കൂറോളം ബന്ദിയാക്കിയ ശേഷം കഴുത്തില്‍ കത്തിവെച്ചു മൂന്നു പവന്റെ മാലയും 1250 രൂപയും കവര്‍ന്നത്. മള്ളുശേരി പരേതനായ കോയിത്തറ കെ.സി.ജോസിന്റെ ഭാര്യ സോമ ജോസിനെയാണു യുവാവ് ആക്രമിച്ചത്. ഒട്ടേറെ കേസുകളില്‍ പ്രതിയായ അരുണ്‍ ബാബുവിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. വൈകിട്ട് ഏഴുമണിയോടെ വീട്ടിലെത്തിയ അരുണ്‍് രാത്രി 12 വരെയാണ് വീട്ടമ്മയെ ബന്ദിയാക്കിയതും ഉപദ്രവിച്ചതും. സംഭവത്തെക്കുറിച്ചു സോമ പറയുന്നതിങ്ങനെ ഭര്‍ത്താവ് മരിച്ചതിനു ശേഷം ഒറ്റയ്ക്കാണ് താമസം. രണ്ടു പെണ്‍മക്കളും ജര്‍മനിയിലാണ്. ഇന്നലെ വൈകിട്ട് 100 രൂപ ചോദിച്ചാണ് അരുണ്‍ വീട്ടിലെത്തിയത്. മുന്‍പ് അരുണും കുടുംബവും പ്രദേശത്തു താമസിച്ചിരുന്ന പരിചയമുള്ളതിനാല്‍ 50 രൂപ നല്‍കാമെന്നു പറഞ്ഞു. മോട്ടര്‍ നിര്‍ത്താനായി വീട്ടിനുള്ളിലേക്ക് കയറി, ശുചിമുറിയിലെ പൈപ്പ് തുറക്കുന്നതിനിടെ പിന്നാലെയെത്തിയ യുവാവ് ആക്രമിക്കുക ആയിരുന്നു.

കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പടുത്തുകയും കരഞ്ഞപ്പോള്‍ ഇരുകരണത്തും തല്ലുകയുമായിരുന്നു. വലതു കയ്യില്‍ കത്തികൊണ്ടു വരഞ്ഞ് മുറിവേല്‍പിച്ചു. തുടര്‍ന്ന് അകത്തെ മുറിയിലെത്തിച്ചു. തുണി കൊണ്ട് കഴുത്തിന്റെ ഭാഗത്തുകെട്ടി. വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചു. ബന്ധിയാക്കിയ ശേഷം അരുണ്‍ കഞ്ചാവ് വലിച്ചു. കഴുത്തില്‍ കിടന്ന മാല ഊരിയെടുത്തു. താലിമാലയെന്നു പറഞ്ഞപ്പോള്‍ താലി മാത്രം ഊരി നല്‍കി. സമീപത്തെ അലമാരയിരുന്ന പഴ്‌സിലെ പണവും കവര്‍ന്നു. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. കൊല്ലരുതെയെന്നു കരഞ്ഞ് അപേക്ഷിച്ചപ്പോള്‍ രാത്രി 12ന് ഇയാള്‍ കഴുത്തിലെ കെട്ട് ഭാഗികമായി അഴിച്ചശേഷം കടന്നുകളഞ്ഞു. അരുണ്‍ പുറത്തു കാണുമെന്ന ഭയത്താല്‍ സോമ വീടിനുള്ളില്‍ രാത്രി മുഴുവന്‍ ചെലവഴിച്ചു. രാവിലെ സമീപവാസികളെ വിവരം അറിയിച്ചതിനെത്തുടര്‍ന്നു ബന്ധുവിന്റെ സഹായത്തോടെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Tags:    

Similar News