ഇന്‍സ്റ്റഗ്രാമില്‍ 'പ്രണയസന്ദേശം' അയച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; പരീക്ഷകഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥിനിക്ക് സഹപാഠിയുടെ മര്‍ദ്ദനമേറ്റു; ഒത്തുതീര്‍പ്പ് യോഗത്തിലും തര്‍ക്കം
വിദ്യാര്‍ഥിനിക്ക് സഹപാഠിയുടെ മര്‍ദ്ദനമേറ്റു
ആലപ്പുഴ: എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ഥിനിയെ ക്ലാസ് മുറിയിലിട്ട് സഹപാഠിയായ വിദ്യാര്‍ഥിനി മര്‍ദിച്ചതായി പരാതി. സൗത്ത് പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. തുടര്‍നടപടിക്കായി കേസ് ആലപ്പുഴ വനിത പൊലീസിന് കൈമാറി. ആലപ്പുഴ സ്വദേശിനിയായ 15കാരിക്കാണ് മര്‍ദനമേറ്റത്. ഇന്‍സ്റ്റഗ്രാമില്‍ 'പ്രണയസന്ദേശം' അയച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. പെണ്‍കുട്ടി സംഭവദിവസം തന്നെ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സതേടിയിരുന്നു.
നഗരത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. പരീക്ഷ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങവെ പിടിച്ചുവലിച്ച് ക്ലാസ് മുറിയിലേക്ക് കയറ്റി സഹപാഠിയായ മറ്റൊരു പെണ്‍കുട്ടി മര്‍ദിച്ചുവെന്നാണ് പരാതി. അതേസമയം, പെണ്‍കുട്ടി അടിച്ചപ്പോള്‍ തിരിച്ചടിച്ചുവെന്നാണ് സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് പെണ്‍കുട്ടികള്‍ രേഖാമൂലം നല്‍കിയ മറുപടിയെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് പറഞ്ഞു. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ബുധനാഴ്ച പി.ടി.എയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ അധികൃതര്‍ വിളിച്ച യോഗവും ബഹളത്തില്‍ കലാശിച്ചു.
ഇതിനിടെ, അസ്വസ്ഥ അനുഭവപ്പെട്ട മറ്റൊരു പെണ്‍കുട്ടിയെയും മര്‍ദനമേറ്റ പെണ്‍കുട്ടിയെയും ആലപ്പുഴ ജില്ല ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിനികളുടെ പരാതി കേള്‍ക്കാതെ പി.ടി.എ പ്രസിഡന്റും പ്രിന്‍സിപ്പലും എഴുതി തയാറാക്കിയ കത്ത് യോഗത്തില്‍ വായിച്ചത് മര്‍ദനത്തിനിരായ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ചൊടിപ്പിച്ചു. ഇവര്‍ ബഹളംവെച്ചതോടെ ഒത്തുതീര്‍പ്പിനെത്തിയവരും പ്രതികരിച്ചു.
ഇതിനിടെയാണ് ഒരു പെണ്‍കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. എസ്.എസ്.എല്‍.സി പരീക്ഷയും കുട്ടികളുടെ മാനസികാവസ്ഥയും കണക്കിലെടുത്ത് മാതാപിതാക്കള്‍ ഇടപെട്ട് ഒത്തുതീര്‍പ്പ് നീക്കവും നടക്കുന്നുണ്ട്. പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി.