ഭെല്‍ ജനറല്‍ മാനേജര്‍ ഓഫിസിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍; സ്വയം വെടിവെച്ചതെന്ന് പ്രാഥമിക നിഗമനം: മൃതദേഹം കണ്ടെത്തിയത് രാത്രി ഒരു മണിയായിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍

ഭെല്‍ ജനറല്‍ മാനേജര്‍ ഓഫിസിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍

Update: 2025-03-13 04:00 GMT

തിരുച്ചിറപ്പള്ളി: പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിലെ (ഭെല്‍) ഉന്നത ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ജനറല്‍ മാനേജറായ എം ഷണ്‍മുഖത്തെ് (50) തിരുച്ചിറപ്പള്ളിയിലെ ഓഫീസിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വയം വെടിവെച്ച് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിക്ക് മണിക്ക് വീട്ടില്‍ നിന്ന് ഓഫീസിലേക്ക് പോയ അദ്ദേഹം വൈകുന്നേരം ഏഴ് മണിയായിട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന് ഭാര്യ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. അദ്ദേഹം പോയി പരിശോധിച്ചപ്പോള്‍ ഓഫീസ് അകത്തു നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു. എന്തെങ്കിലും മീറ്റിങില്‍ പങ്കെടുക്കുകയായിരിക്കും എന്ന് കരുതിയ സെക്യൂരിറ്റി ജീവനക്കാരന്‍ വീട്ടുകാരെ അറിയിച്ചു. പിന്നീട് രാത്രി ഒരു മണിയായിട്ടും വീട്ടിലെത്തിയില്ല. ഫോണിലും കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു.

പൊലീസും ഭെലിലെ അഗ്‌നിശമന വിഭാഗവും ചേര്‍ന്ന് ബലമായി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് അകത്ത് വെടിയേറ്റ് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം ഏഴ് മണി വരെ അദ്ദേഹവുമായി ചിലര്‍ സംസാരിച്ചിരുന്നു. വൈകുന്നേരം 4.30ന് ഒരു മീറ്റിങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ഷണ്‍മുഖത്തിന്റെ തലയില്‍ വെടിയേറ്റ ഒരു പാടുണ്ടായിരുന്നുവെന്നും ലക്ഷണങ്ങള്‍ പരിശോധിച്ചപ്പോള്‍ സ്വയം വെടിയുതിര്‍ത്തതാണെന്നാണ് മനസിലാവുന്നതെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ഇക്കാര്യം പൂര്‍ണമായി സ്ഥരീകരിച്ചിട്ടില്ല. സ്‌പോര്‍ട്‌സ് ഷൂട്ടറായ ഷണ്‍മുഖത്തിന് ലൈസന്‍സുള്ള തോക്ക് ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. 37-ാം വയസു മുതല്‍ ഹൃദ്രേഗിയായിരുന്ന ഷണ്‍മുഖത്തിനെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമുള്ള മാനസിക സമ്മര്‍ദം അലട്ടിയിരുന്നെന്ന് പൊലീസ് പറയുന്നു.

Tags:    

Similar News