ഹൈക്കോടതി വിധി നേടിയിട്ടും ആനുകൂല്യങ്ങള്‍ തടഞ്ഞു; 16 വര്‍ഷമായിട്ടും സ്ഥാനക്കയറ്റമില്ലെന്നും ആരോപണം: ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വാട്‌സാപ്പില്‍ സന്ദേശം ഇട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് കെഎസ്ഇബി ജീവനക്കാരന്‍

കെഎസ്ഇബി ജീവനക്കാരൻ ജീവനൊടുക്കാൻ ശ്രമിച്ചു

Update: 2025-03-14 00:33 GMT

പീരുമേട്: ജീവനക്കാരുടെ വാട്‌സാപ് ഗ്രൂപ്പില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ശബ്ദസന്ദേശം ഇട്ടശേഷം കെഎസ്ഇബി ജീവനക്കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പീരുമേട് സെക്ഷനിലെ വര്‍ക്കര്‍ ചേര്‍ത്തല സ്വദേശി ഒ.കെ.ദിലീപ് കുമാറാണ് (50) താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ചികിത്സയിലാണ്.

ഇന്നലെ വൈകിട്ട് ആറരയോടെയാണു സംഭവം. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ശബ്ദ സന്ദശം ഇട്ട ശേഷം ദിലീപ് സര്‍വീസ് വയറില്‍ തൂങ്ങുകയായിരുന്നു. എന്നാല്‍ ദിലീപിന്റെ ശബ്ദ സന്ദേശം കേട്ട് സെക്ഷന്‍ ഓഫിസില്‍ നിന്നു സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ദിലീപിന്റെ ക്വാര്‍ട്ടേഴ്‌സിലെത്തി കെട്ടഴിച്ച് നിലത്തിട്ടു. ഉടന്‍ പീരുമേട് താലൂക്കാശുപത്രിയിലും പിന്നീടു കോട്ടയം മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു.

ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചിട്ടും തന്റെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ബോര്‍ഡ് തയാറാകുന്നില്ലെന്നും 16 വര്‍ഷമായിട്ടും സ്ഥാനക്കയറ്റം തരാതെ ബുദ്ധിമുട്ടിക്കുന്നെന്നും കരഞ്ഞുകൊണ്ടു ദിലീപ് കുമാര്‍ പറയുന്നതു സന്ദേശത്തില്‍ കേള്‍ക്കാം. സിഐടിയു സംഘടനയിലെ അംഗമായ തന്നെ ഐഎന്‍ടിയുസി യൂണിയനിലെ ഒരു ഉദ്യോഗസ്ഥന്റെ സഹായം തേടിയതിന്റെ പേരില്‍ ഒറ്റപ്പെടുത്തിയെന്നും ദിലീപ് ആരോപിക്കുന്നുണ്ട്.

Tags:    

Similar News