മാങ്ങാ അച്ചാറില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ രാസവസ്തു; കടയുടമയ്ക്കും നിര്‍മാതാവിനും പിഴ
മാങ്ങാ അച്ചാറില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ രാസവസ്തു; കടയുടമയ്ക്കും നിര്‍മാതാവിനും പിഴ
കാസര്‍കോട്: അനുവദനീയമായ അളവില്‍ കൂടുതല്‍ രാസവസ്തു അടങ്ങിയ മാങ്ങാ അച്ചാര്‍ വിറ്റ കടയുടമയ്ക്കും നിര്‍മാതാവിനും പിഴ വിധിച്ച് കോടതി. കാസര്‍കോട് നഗരത്തിലെ മെട്രോ റീട്ടെയിലേഴ്സ് എന്ന കടയ്ക്കും അച്ചാര്‍ നിര്‍മ്മിച്ചവര്‍ക്കുമാണ് കോടതി പിഴയിട്ടത്. മാങ്ങ അച്ചാറില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ പ്രിസര്‍വേറ്റീവായ ബെന്‍സോയേറ്റ് കണ്ടെത്തുക ആയിരുന്നു. ഭക്ഷണസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ബെന്‍സോയിറ്റ് അനുവദനീയമായ അളവില്‍ കൂടുതല്‍ ശരീരത്തില്‍ എത്തിയാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
മെട്രോ റീട്ടെയിലേഴ്‌സ് കട ഉടമകളായ കോഴിക്കോട് സ്വദേശി എം. നിമേഷ്, കണ്ണൂര്‍ സ്വദേശി സി.എച്ച്. മുഷീര്‍ എന്നിവര്‍ക്ക് 5000 രൂപ വീതവും അച്ചാര്‍ നിര്‍മാതാക്കളായ ഇടുക്കിയിലെ കെജിഇഇഎസ് ഫൈന്‍ഡ് ഫുഡ്‌സിന്റെ ഉടമ സജിനി സജന് 25,000 രൂപയുമാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പിഴ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം അധികതടവ് അനുഭവിക്കണം. കോടതി പിരിയുന്നതുവരെ തടവ് അനുഭവിക്കാനും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രാജീവന്‍ വാച്ചാല്‍ ഉത്തരവിട്ടു.
ഭക്ഷ്യസുരക്ഷാ ഓഫീസര്‍ കെ.പി. മുസ്തഫ 2021 നവംബര്‍ 26-ന് നടത്തിയ പരിശോധനയിലാണ് അളവില്‍കൂടുതല്‍ രാസവസ്തു കണ്ടെത്തിയത്. 400 ഗ്രാം ടെന്‍ഡര്‍ മാംഗോ അച്ചാര്‍ വാങ്ങി പരിശോധനയ്ക്കായി കോഴിക്കോട് റീജണല്‍ ലാബിലേക്ക് അയച്ചു. 2021 ഡിസംബര്‍ 30-ന് ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ അച്ചാറില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ബെന്‍സോയേറ്റ് അടങ്ങിയിട്ടുള്ളതായി സ്ഥിരീകരിച്ചു. ഭക്ഷ്യസുരക്ഷാനിയമം 2006-ലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കോടതി ശിക്ഷിച്ചത്.