തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്‌സിന് നേരെ കയ്യേറ്റ ശ്രമം; പരാതിക്കാരന്‍ ജഗില്‍ ചന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്‌സിന് നേരെ കയ്യേറ്റ ശ്രമം. രോഗിയുടെ കൂട്ടിരിപ്പുകാര്‍ മെയില്‍ നഴ്‌സിനെ ആക്രമിച്ചുവെന്നാണ് പരാതി. ജഗില്‍ ചന്ദ്രന്‍ എന്ന നഴ്‌സ് ആണ് പരാതിക്കാരന്‍. വെള്ളിയാഴ്ചയാണ് ആക്രമണം ഉണ്ടായതെന്നാണ് ആക്ഷേപം.
നവാസ് (52) എന്ന രോഗിക്കൊപ്പം പത്തില്‍ കൂടുതല്‍ കൂട്ടിരിപ്പുകാര്‍ ഉണ്ടായിരുന്നെന്നും ചികിത്സയ്ക്ക് ബുദ്ധിമുട്ട് നേരിട്ടതിനാല്‍ രണ്ടുപേര്‍ മാത്രം നിന്നിട്ട് ബാക്കിയുള്ളവരോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും ജഗില്‍ പറയുന്നു. ഇതില്‍ പ്രകോപിതരായവര്‍ കൂട്ടം ചേര്‍ന്ന് തെറിപറയുകയും തല്ലുകയുമായിരുന്നെന്നും പിടിച്ചുമാറ്റാന്‍ ചെന്ന ഡ്യൂട്ടിയുള്ള നഴ്‌സിനെയും സംഘം തെറിവിളിച്ചെന്നും പരാതിയിലുണ്ട്.
സംഭവത്തില്‍ മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് ഉണ്ടായതായും തക്കതായ നടപടികള്‍ സ്വീകരിക്കണമെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ സൂപ്രണ്ടന്റിന് നല്‍കിയ പരാതിയില്‍ ജഗില്‍ ചന്ദ്രന്‍ പറഞ്ഞു.