ബൈക്കില്‍ പോയ വിദ്യാര്‍ത്ഥിയെ കാട്ടുപന്നി ഇടിച്ചു തെറിപ്പിച്ചു; റോഡില്‍ വീണ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയടെ കൈക്കും കാലിനും പരിക്ക്
ബൈക്കില്‍ പോയ വിദ്യാര്‍ത്ഥിയെ കാട്ടുപന്നി ഇടിച്ചു തെറിപ്പിച്ചു; കൈക്കും കാലിനും പരിക്ക്
എരുമേലി: കോളേജില്‍ നിന്നും വീട്ടിലേക്ക് ബൈക്കില്‍ പോയ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ പാഞ്ഞുവന്ന കാട്ടുപന്നി ഇടിച്ചു തെറിപ്പിച്ചു. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ മന്ദിരംപടി കരോട്ടുപുതിയത്ത് സെബിന്‍ സജിയെ ആണ് കാട്ടുപന്നി ഇടിച്ചുതെറിപ്പിച്ചത്. ബൈക്കില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണ സെബിന്റെ കൈക്കും കാലിനും പരുക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് 7ന് മന്ദിരംപടി മുക്കൂട്ടുതറ റോഡില്‍ അങ്കണവാടിപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്.
കോളജില്‍നിന്ന് വീട്ടിലേക്കു വരുന്ന വഴി അങ്കണവാടിപ്പടിയില്‍ എത്തിയപ്പോള്‍ റോഡരികില്‍നിന്ന് കാട്ടുപന്നി പാഞ്ഞുവന്ന് ബൈക്കില്‍ ഇടിക്കുകയായിരുന്നെന്നു സെബിന്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡരികിലെ കയ്യാലയിലേക്കു ബൈക്കുമായി സെബിന്‍ വീണു. കാട്ടുപന്നിയും ഇവിടേക്കു വീണെങ്കിലും ഓടി രക്ഷപ്പെട്ടു. പരുക്കേറ്റ സെബിന്‍ അടുത്ത വീട്ടില്‍ എത്തി അപകടം പറഞ്ഞ ശേഷം ആശുപത്രിയില്‍ ചികിത്സ തേടി. ബൈക്കിനും കാര്യമായ തകരാര്‍ സംഭവിച്ചു. കോളജ് പ്രോജക്ടിന്റെ ഭാഗമായി ഏറ്റവും ചെറിയ വാഷിങ് മെഷീന്‍ നിര്‍മിച്ച് ശ്രദ്ധനേടിയ വിദ്യാര്‍ഥിയാണ് സെബിന്‍.