ഏഴു വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തു ഞെരിച്ചു കൊന്നു; കുറ്റം അയല്‍വാസിയായ സ്ത്രീയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം: പിതാവ് അറസ്റ്റില്‍

ഏഴു വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തു ഞെരിച്ചു കൊന്നു; പിതാവ് അറസ്റ്റില്‍

Update: 2025-03-19 03:55 GMT

ഗാസിയാബാദ്: ഏഴ് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ച് കൊന്ന ശേഷം കുറ്റം അയല്‍വാസിയായ സ്ത്രീയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഗ്യാന്‍സിങ് എന്നയാളാണ് സ്വന്തം മകളെ അതിക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയത്. പിടിക്കപ്പെടാതിരിക്കാന്‍ അയല്‍വാസിയായ സ്ത്രീയില്‍ കുറ്റം ആരോപിക്കുക ആിരുന്നു.

അയല്‍വാസിയായ ശാന്തി ദേവി നല്‍കിയ കറി കഴിച്ചാണ് മകള്‍ മരിച്ചതെന്നായിരുന്നു ഇയാളുടെ ആരോപണം. ശാന്തി ദേവി നല്‍കിയ കറി കഴിച്ചതിന് പിന്നാലെ ഭാര്യക്കും മറ്റ് അഞ്ച് മക്കള്‍ക്കും ശാരീരികാസ്വാസ്ഥ്യമുണ്ടായെന്നും ആരോപിച്ച് ഇയാള്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ ശാന്തി ദേവിക്കെതിരെ ബിഎന്‍എസ് വകുപ്പ് 105 പ്രകാരം കേസെടുത്ത പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കൊലയ്ക്ക് ശേഷം ഡല്‍ഹിയിലെ ജിടിബി ആശുപത്രിയില്‍ മകളെ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സയ്ക്കു ശേഷം മറ്റ് അഞ്ച് മക്കളും ഭാര്യയും ഡിസ്ചാര്‍ജായി. മരിച്ച മകളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഗ്യാന്‍ സിങ് വിസമ്മതിക്കുകയും മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു. ഇതോടെ പോലിസിന് സംശയം തോന്നി. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം എംഎംജി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പൊലീസ് ഉത്തരവിട്ടു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് കുട്ടി ബലാത്സംഗത്തിന് ഇരയായതായും ശ്വാസംമുട്ടിയാണ് മരണമെന്നും വ്യക്തമായത്. ഇതോടെ ലോണി ബോര്‍ഡര്‍ പൊലീസ് തിങ്കളാഴ്ച ?ഗ്യാന്‍സിങ്ങിനെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. മാര്‍ച്ച് 12ന് രാത്രി, താന്‍ മകളെ ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് കഴുത്തുഞെരിച്ച് കൊല്ലുകയുമായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഈ കുറ്റം ശാന്തി ദേവിയുടെ മേല്‍ ചാര്‍ത്താന്‍ വ്യാജ പരാതി നല്‍കുകയുമായിരുന്നെന്നും പ്രതി സമ്മതിച്ചതായി എസിപി അറിയിച്ചു.

Tags:    

Similar News