ആകാശത്തേക്കു വെടിവയ്ക്കാന്‍ ഉപയോഗിക്കുന്ന ഉണ്ടകള്‍ ചട്ടിയിലിട്ട് വറുത്തു;വെടിമരുന്നിനു തീ പിടിച്ചതോടെ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിച്ചു; വന്‍ തീപിടിത്തം ഒഴിവായത് തലനാരിഴയ്ക്ക്: എസ്.ഐക്കെതിരെ അന്വേഷണം

വെടി ഉണ്ടകള്‍ ചട്ടിയിലിട്ട് വറുത്തു;വെടിമരുന്നിനു തീ പിടിച്ചതോടെ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിച്ചു

Update: 2025-03-21 01:38 GMT

കൊച്ചി: ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങുള്‍ക്ക് ആകാശത്തേക്കു വെടിവയ്ക്കാന്‍ ഉപയോഗിക്കുന്ന ഉണ്ടകള്‍ (ബ്ലാങ്ക് അമ്യൂണിഷന്‍) എസ്‌ഐ ചട്ടിയിലിട്ടു വറുത്തതിനെ തുടര്‍ന്നു ഉഗ്രസ്‌ഫോടന ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. എറണാകുളം എആര്‍ ക്യാംപിന്റെ അടുക്കളയിലാണു സ്‌ഫോടനമുണ്ടായത്. തലവാരിഴയ്ക്കാണ് വന്‍ തീപിടിത്തം ഒഴിവായത്. സംഭവം അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ ഉത്തരവിട്ടു.

ഈ മാസം പത്തിനാണ് സംഭവം. ക്യാംപിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ സി.വി.സജീവനാണ് അന്വേഷണം നേരിടുന്നത്. ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി ഉണ്ടകള്‍ എടുത്തപ്പോഴായിരുന്നു സംഭവം. രാവിലെ സംസ്‌കാര ചടങ്ങിനു പോകാന്‍ ആവശ്യപ്പെട്ടപ്പോഴാണു ഉണ്ടകള്‍ ക്ലാവു പിടിച്ച് ഉപയോഗശൂന്യമായതു ശ്രദ്ധയില്‍പെട്ടത്. ചൂടാക്കി വൃത്തിയാക്കിയില്ലെങ്കില്‍ ഉണ്ടകള്‍ ഇങ്ങനെ ക്ലാവ് പിടിക്കാറുണ്ട്. ആയുധപ്പുരയുടെ (ബെല്‍ ഓഫ് ആംസ്) ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ബ്ലാങ്ക് അമ്യൂണിഷന്‍ വെയിലത്തു വച്ചു ചൂടാക്കിയ ശേഷം വൃത്തിയാക്കിയാണു സാധാരണ ഉപയോഗിക്കാറുള്ളത്.

എന്നാല്‍ സംസ്‌ക്കാര ചടങ്ങിന് പോകാനുള്ള തിടുക്കത്തില്‍ പെട്ടെന്നു ചൂടാക്കിയെടുക്കാനായി ഉണ്ടകള്‍ ക്യാംപ് മെസിലെ അടുക്കളയിലെത്തിച്ച് ചട്ടിയിലിട്ടു വറുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ചട്ടിയില്‍ കിടന്ന് ചൂടായതോടെ വെടിമരുന്നിനു തീ പിടിച്ചതോടെ ഉണ്ടകള്‍ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിച്ചു. ഗ്യാസ് സിലിണ്ടറും വിറകും ഉള്‍പ്പെടെ സൂക്ഷിച്ചിരുന്ന അടുക്കളയില്‍ വന്‍ തീപിടിത്തം ഒഴിവായതു തലനാരിഴയ്ക്കാണ്. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും വീടുകളുമുള്ള തിരക്കേറിയ മേഖലയിലാണ് ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായത്.

Tags:    

Similar News