കഞ്ചാവു കേസിലെ പ്രതി നട്ടു നനച്ച് കഞ്ചാവ് ചെടി വളര്‍ത്തി; വിവരമറിഞ്ഞ് എക്സൈസ് എത്തിയപ്പോള്‍ ഓടിരക്ഷപ്പെട്ടു: സംഭവം അടൂരില്‍
കഞ്ചാവു കേസിലെ പ്രതി നട്ടു നനച്ച് കഞ്ചാവ് ചെടി വളര്‍ത്തി
അടൂര്‍: നിരവധി കഞ്ചാവു കേസുകളിലെ പ്രതി വീട്ടില്‍ നട്ടുനനച്ച് പരിപാലിച്ച് വളര്‍ത്തി കൊണ്ടു വന്ന കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെത്തി. സംഭവത്തില്‍ ഏനാദിമംഗലം മരുതിമൂട് പുഷ്പമംഗലത്ത് രഞ്ജിത്ത് രാജനെതിരെ കേസെടുത്തു. എക്സൈസിനെ കണ്ടതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.
40 സെന്റീമീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയാണ് രഞ്ജിത്ത് രാജന്‍ നട്ട് പരിപാലിച്ചു വന്നത്. മുന്‍പും ഇയാളുടെ പേരില്‍ കഞ്ചാവ് കൈവശം വച്ചതിനും മറ്റും കേസ് എടുത്തിട്ടുണ്ട്. മുന്‍പ് ലഹരി വില്‍പ്പന കേസുകളില്‍ ഉള്‍പ്പെട്ടവരെ എക്സൈസ് നിരീക്ഷിച്ചു വരുന്നതിനിടെയാണ് കഞ്ചാവ് ചെടി വളര്‍ത്തുന്നതായി വിവരം ലഭിച്ചത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ അരുണ്‍ അശോകിന്റെ നേതൃത്വത്തില്‍ അസി: എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എച്ച്. നാസര്‍, വി.ഹരീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സോമശേഖരന്‍, വിമല്‍കുമാര്‍, സുരേഷ് ഡേവിഡ്, ജയചന്ദ്രന്‍, സി.ഇ.ഒ ജ്യോതി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.