സപ്ലൈകോയുടെ റംസാന്‍-ഈസ്റ്റര്‍-വിഷു ഫെയറുകളില്‍ 40 ശതമാനം വരെ വിലക്കുറവെന്ന് മന്ത്രി ജി ആര്‍ അനില്‍; കണക്കുകള്‍ നിരത്തി ഉദ്ഘാടനം
തിരുവനന്തപുരം: റംസാന്‍, ഈസ്റ്റര്‍, വിഷു പ്രമാണിച്ച് കേരളത്തിലെ മാര്‍ക്കറ്റുകളില്‍ ഗവണ്‍മെന്റ് നടത്തുന്ന ഇടപെടലിന്റെ ഭാഗമായി സപ്ലൈകോയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഫെയറുകളില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 40 ശതമാനം വരെ വിലക്കുറവ് ഉണ്ടാകുമെന്ന് ഭക്ഷ്യ, പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലും ആരംഭിക്കുന്ന ഈസ്റ്റര്‍, വിഷു, റംസാന്‍ ഫെയറുകളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പീപ്പിള്‍സ് ബസാറില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പ്രത്യേകം ചന്തകള്‍ ആരംഭിക്കുന്നുണ്ട്. മറ്റ് ജില്ലകളില്‍ സപ്ലൈകോയുടെ പ്രധാന ഔട്ട്ലെറ്റുകളില്‍ ഫെയറിനുള്ള സൗകര്യങ്ങള്‍ ഒരുക്കി. സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് നിലവിലെ ഔട്ട്ലെറ്റുകളില്‍ വിപണന മേള ക്രമീകരിക്കുന്നത്.
മാര്‍ച്ച് 30 വരെ റംസാന്‍ ഫെയറും എപ്രില്‍ 10 മുതല്‍ 19 വരെ വിഷു, ഈസ്റ്റര്‍ ഫെയറും നടക്കും. മാര്‍ക്കറ്റില്‍ നിലവിലെ ഉല്‍പ്പന്നത്തിന്റെ വിലയെ അപേക്ഷിച്ച് 40% വരെ വിലക്കുറവാണ് ഫെയറുകളിലുള്ളത്. 285 രൂപ വരെ മാര്‍ക്കറ്റില്‍ വിലയുള്ള വെളിച്ചെണ്ണ 235 രൂപക്കാണ് സപ്ലൈകോ നല്‍കുന്നത്. അതുപോലെ മറ്റ് 13 നിത്യോപയോഗ സാധനങ്ങള്‍ 35 മുതല്‍ 40 ശതമാനം വിലകുറച്ച് വില കുറച്ച് നല്‍കുന്നതിന് നിരവധി പ്രതിസന്ധികളെ മറികടക്കേണ്ടി വരുന്നു. നിരവധി തവണ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തി പരമാവധി വില കുറയ്ക്കാന്‍ ഗവണ്‍മെന്റ് സമ്മര്‍ദം ചെലുത്തുന്നത്‌കൊണ്ടാണ് ഇത്തരത്തില്‍ വില കുറച്ച് പരമാവധി ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കഴിയുന്നത്. ഉത്സവ കാലയളവില്‍ സബ്സിഡി ഉല്‍പ്പന്നങ്ങള്‍ കൃത്യമായി എത്തിക്കാനുള്ള 'നടപടി സപ്ലൈകോ സ്വീകരിക്കുകയുണ്ടായി. അതു കൂടാതെ മറ്റ് ഉല്‍പ്പനങ്ങള്‍ ഏകദേശം 15 മുതല്‍ 45 ശതമാനം വരെ വിലകുറച്ചു കൊടുക്കുന്നതിനുള്ള ക്രമീകരണവും നടത്തിയിട്ടുണ്ട്.ഏറ്റവും കൂടുതല്‍ വില്‍പ്പന വരുന്ന വിവിധ തരത്തിലുള്ള ബിരിയാണി അരിക്ക് പൊതുവിപണിയില്‍ 85, 120 രൂപ വില വരുമ്പോള്‍ സപ്ലൈകോ യഥാക്രമം 65, 94 രൂപക്കാണ് ഇതേ അരി നല്‍കുന്നത്.
സവാള, ചെറിയഉള്ളി, വെളുത്തുള്ളി ഇവക്കെല്ലാം വിലക്കുറവുണ്ട്. പൊതുജനങ്ങള്‍ പരമാവധി സപ്ലൈകോ സംഘടിപ്പിക്കുന്ന ഫെയറുകളുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന് അഭ്യര്‍ഥിക്കുന്നതായും മന്ത്രി പറഞ്ഞു. ആന്റണി രാജു എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സപ്ലൈകോ റീജയണല്‍ മാനേജര്‍ സജാദ് എ സ്വാഗതമാശംസിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജാനകി അമ്മാള്‍ എസ് ആശംസയര്‍പ്പിച്ചു. ഡിപ്പോ മാനേജര്‍ ബിജു പി വി കൃതഞ്ജത അറിയിച്ചു.