ഒരുമയുടെ പൂരം; സഹകരണ എക്സ്പോ ഏപ്രില്‍ 21 മുതല്‍ 30 വരെ കനകക്കുന്നില്‍

Update: 2025-03-25 10:04 GMT

തിരുവനന്തപുരം: സഹകരണ എക്സ്പോ മൂന്നാം പതിപ്പ് ഏപ്രില്‍ 21ന് കനകക്കുന്ന് പാലസ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഒരുമയുടെ പൂരം എന്ന് പേരിട്ടിരിക്കുന്ന എക്സ്പോയില്‍ സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ വൈവിധ്യമാര്‍ന്ന 400-ല്‍ പരം ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉണ്ടാകുമെന്ന് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

70,000 ചതുരശ്ര അടിയിലുള്ള ശീതീകരിച്ച 250-ലധികം പ്രദര്‍ശന സ്റ്റാളുകളും വിവിധ ജില്ലകളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഒരുക്കിക്കൊണ്ടുള്ള 12000 ചതുരശ്ര അടിയിലുള്ള ഫുഡ് കോര്‍ട്ടും പ്രോഡക്ട് ലോഞ്ചിംഗ്, പുസ്തക പ്രകാശനം എന്നിവയ്ക്കായി പ്രത്യേക വേദിയും, സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം, വികാസപരിണാമങ്ങള്‍ എന്നിവയും, വിവിധ ജനകീയ പദ്ധതികളും പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുളള സഹകരണ വകുപ്പിന്റെ പവിലിയനും എക്സ്പോയിലുണ്ട്. ദേശീയതലത്തില്‍ പ്രാധാന്യമുള്ള സഹകരണ സ്ഥാപനങ്ങളുടെയും മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെയും സ്റ്റാളുകളുണ്ട്.

ഇന്റര്‍നാഷണല്‍ കോ-ഓപറേറ്റീവ് അലയന്‍സിന്റെ അന്താരാഷ്ട്ര സഹകരണ വര്‍ഷം 2025- ന്റെ പ്രമേയമായ 'Co-operatives Build a Better World' അടിസ്ഥാനമാക്കി വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, സാംസ്‌കാരിക യുവജന സമ്മേളനങ്ങള്‍, കലാപരിപാടികള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ എക്സ്പോയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഏപ്രില്‍ 30 വരെയാണ് എക്സ്പോ. എക്‌സ്‌പോയുടെ പോസ്റ്റര്‍ മന്ത്രി പ്രകാശനം ചെയ്തു.

Tags:    

Similar News