മംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തില്‍ മോഷണ ശ്രമം; മലയാളികളായ രണ്ടു പേര്‍ അറസ്റ്റില്‍: ഓടി രക്ഷപ്പെട്ട പ്രതികളില്‍ ഒരാള്‍ക്കായി തിരച്ചില്‍

മംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തില്‍ മോഷണ ശ്രമം; മലയാളികളായ രണ്ടു പേര്‍ അറസ്റ്റില്‍

Update: 2025-03-31 00:21 GMT

മംഗളൂരു: ധനകാര്യസ്ഥാപനത്തില്‍ മോഷ്ടിക്കാന്‍ ശ്രമത്തിനിടെ മെംഗളൂരുവില്‍ രണ്ട് മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാള്‍ ഓടി രക്ഷപ്പെട്ടു. ഇടുക്കി രാജമുടി സ്വദേശി മുരളി (55), കാഞ്ഞങ്ങാട് അനത്തലെ വീട്ടില്‍ ഹര്‍ഷാദ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് സ്വദേശി അബ്ദുല്‍ ലത്തീഫാണ് പൊലീസിനെ വെട്ടിച്ചു കടന്നത്. 29നു പുലര്‍ച്ചെ 3ന് ദെര്‍ളകട്ടയിലെ വാണിജ്യ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യസ്ഥാപനത്തിന്റെ വാതില്‍ ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ചു തുരന്നുകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്.

വാതിലിന്റെ പൂട്ടു പൊളിക്കുന്നതിനിടെ സുരക്ഷാ സൈറണ്‍ മുഴങ്ങി. കമ്പനിയുടെ കണ്‍ട്രോള്‍ റൂമിലും സുരക്ഷാ അലാം അടിച്ചതോടെ ഉദ്യോഗസ്ഥര്‍ പൊലീസില്‍ വിവരം അറിയിച്ചു. തൊട്ടടുത്തുള്ള കെഎസ് ഹെഗ്‌ഡെ ആശുപത്രിക്കു സമീപം നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പൊലീസെത്തിയാണ് പ്രതികളെ പിടികൂടിയത്.

Tags:    

Similar News