ആലപ്പുഴയില്‍ അസാധാരണ രൂപത്തില്‍ കുഞ്ഞ് പിറന്ന സംഭവം; ചികിത്സാ വീഴ്ച സമ്മതിച്ച് ആരോഗ്യ വകുപ്പ്
ആലപ്പുഴയില്‍ അസാധാരണ രൂപത്തില്‍ കുഞ്ഞ് പിറന്ന സംഭവം; ചികിത്സാ വീഴ്ച സമ്മതിച്ച് ആരോഗ്യ വകുപ്പ്
ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ അസാധാരണരൂപത്തില്‍ കുഞ്ഞുപിറന്ന സംഭവത്തില്‍ ചികിത്സാവീഴ്ച സമ്മതിച്ച് ആരോഗ്യവകുപ്പ്. കടപ്പുറം വനിത-ശിശു ആശുപത്രിയില്‍ കുഞ്ഞിന്റെ മാതാവിന് നല്‍കിയ ചികിത്സയില്‍ പിഴവുണ്ടായി എന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. ആദ്യ മൂന്നുമാസം നല്‍കിയ പ്രസവചികിത്സ തൃപ്തികരമല്ലെന്നും അപകടസാധ്യത സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതില്‍ രണ്ടു ഗൈനക്കോളജിസ്റ്റുമാരും പരാജയപ്പെട്ടെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
ചികിത്സയില്‍ പിഴവുവരുത്തിയ ഡോ. സി.വി. പുഷ്പകുമാരി, ഡോ.കെ.ഐ. ഷെര്‍ലി എന്നിവര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ശുപാര്‍ശചെയ്തു. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുസഹിതം അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുവേണ്ടി ഡെപ്യൂട്ടി സെക്രട്ടറി നല്‍കിയ മറുപടിയിലാണ് ഈ വിവരം. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിച്ചുവരുകയാണെന്നും മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യമൂന്നുമാസം ചികിത്സ തൃപ്തികരമായിരുന്നില്ലെങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും ത്രൈമാസ ചികിത്സ മെച്ചപ്പെട്ടതായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അന്വേഷണം നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരേ കുഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞദിവസം തപാല്‍വഴി മറുപടി നല്‍കിയത്. കുഞ്ഞിന്റെ മാതാവിന്റെ സ്‌കാനിങ് നടത്തിയ ആലപ്പുഴയിലെ രണ്ടു സ്വകാര്യ സ്‌കാനിങ് കേന്ദ്രങ്ങള്‍ അന്വേഷണസംഘത്തിന്റെ നിര്‍ദേശമനുസരിച്ച് ആരോഗ്യവകുപ്പ് നേരത്തേ പൂട്ടിയിരുന്നു. 2024 നവംബര്‍ എട്ടിനാണ് കുഞ്ഞ് ജനിച്ചത്.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വീണ്ടെടുക്കാനായിട്ടില്ല. കഴിഞ്ഞ 75 ദിവസമായി കുഞ്ഞ് തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ്. കുഞ്ഞിന്റെ കുടുംബത്തിന്റെ അഭ്യര്‍ഥന പ്രകാരം കുഞ്ഞിനെ വീണ്ടും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്ന് കുഞ്ഞുമായി ആംബുലന്‍സ് പുറപ്പെടും. കുഞ്ഞിന്റെ മാതാവിന് ഉറക്കമില്ലായ്മ ഉള്‍പ്പെടെയുള്ള പ്രയാസം വന്നതോടെ കിടത്തിച്ചികിത്സ നിര്‍ദേശിച്ചു. ഇതോടെ പരിചരിക്കാന്‍ ആളില്ലാതെ വന്നു. പ്രായമേറെയുള്ള കുഞ്ഞിന്റെ അമ്മൂമ്മമാരാണ് ഇപ്പോള്‍ പരിചരിക്കുന്നത്. കുഞ്ഞിന്റെ പരിചരണം ശിശുക്ഷേമ വകുപ്പ് ഏറ്റെടുക്കുകയോ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് തിരിച്ചുപോകാന്‍ അനുമതി നല്‍കുകയോ ചെയ്യണമെന്ന് പിതാവ് ആവശ്യപ്പെട്ടിരുന്നു.