ഹാഷിഷ് ഗ്രാമില്‍ കുറച്ചു; കാറൊന്നും വിട്ടു; ഗുണ്ടാ തലവന് ജാമ്യം കിട്ടാനുള്ള കള്ളക്കളി പൊളിഞ്ഞു; തിരുവല്ലം പോലീസിനെ വെട്ടിലാക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്; എസ് ഐയ്‌ക്കെതിരെ നടപടി വരും

Update: 2025-04-04 06:41 GMT

തിരുവനന്തപുരം: എയര്‍ റൈഫിള്‍ ഉള്‍പ്പെടെയുള്ള തൊണ്ടിമുതലുമായി ഷാഡോ പോലീസ് അറസ്റ്റ് ചെയ്ത് തിരുവല്ലം പോലീസിന് കൈമാറിയ ലഹരി കേസിലെ അട്ടിമറിയില്‍ നടപടി വരും. ഗുണ്ടാ നേതാവ് ഷാജഹാന്‍ പ്രതിയായ കേസില്‍ അട്ടിമറി നടത്തിയത് തിരുവല്ലം പൊലീസാണ്. ഷാഡോ പൊലീസ് പിടികൂടി കൈമാറിയ തൊണ്ടിമുതല്‍ തിരുവല്ലം പോലീസ് മുക്കിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ഇതിന് പിന്നിലുള്ളവര്‍ക്കെതിരെ നടപടി വരും.

പ്രതികളെ പിടികൂടുമ്പോള്‍ കിട്ടിയ 1.2 ഗ്രാം ഹാഷിഷ്, തിരുവല്ലം എസ് ഐ തയ്യാറാക്കിയ മഹസ്സറില്‍ നിന്ന് ഒഴിവാക്കിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. 0.66 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നത് മാറ്റി .06 ഗ്രാമായും പിടിച്ചെടുത്ത രണ്ട് കാറുകള്‍ ഒന്നുമായാണ് മഹസ്സറില്‍ രേഖപ്പെടുത്തിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിച്ചപ്പോള്‍ മറ്റൊരു മഹസ്സര്‍ തയ്യാറാക്കി. മറ്റൊരു കാറും ഉള്‍പ്പെടുത്തി. കേസില്‍ പ്രതിയ്ക്ക് ജാമ്യം കിട്ടാന്‍ വേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്നാണ് സൂചന. കടവില്‍മൂലയില്‍ വച്ചാണ് സംഘത്തെ പിടികൂടിയത്. ഷാജഹാന് പുറമേ മാഹിന്‍, ആഷിക് , വേണു എന്നിവരും പിടിയിലായിരുന്നു.

ഡാന്‍സാഫിന്റെ നീക്കവും തിരുവല്ലം പൊലീസ് ചോര്‍ത്തി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിന് മുമ്പ് കള്ളക്കേസില്‍ കുരുക്കാന്‍ നീക്കമെന്ന തരത്തില്‍ ഷാജഹാന്‍ വീഡിയോ ചിത്രീകരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ഷാഡോ പൊലീസ് എയര്‍ റൈഫിള്‍ ഉള്‍പ്പെടെ പ്രതികളെ പിടികൂടി തിരുവല്ലം പൊലീസിന് കൈമാറിയത്. സംഭവം ഡിസിപി നകുല്‍ ദേശ്മുഖ് അന്വേഷിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. മഹസര്‍ തയ്യാറാക്കിയ എസ് ഐ തോമസിനോട് വിശദീകരണം തേടിയിട്ടുണ്ട്. തിരുവല്ലം എസ് ഐ തയ്യാറാക്കിയ മഹസ്സറിലാണ് പ്രശ്‌നം. എസ് ഐ തോമസിനോട് വിശദീകരണം തേടാനാണ് തീരുമാനം.

Similar News