അമ്മൂമ്മയ്ക്കൊപ്പം റോഡരികിലൂടെ നടന്ന മൂന്നുവയസ്സുകാരി കാറിടിച്ചു മരിച്ചു; അപകടമുണ്ടാക്കിയത് അമിത വേഗത്തിലെത്തിയ വാഹനം

അമ്മൂമ്മയ്ക്കൊപ്പം റോഡരികിലൂടെ നടന്ന മൂന്നുവയസ്സുകാരി കാറിടിച്ചു മരിച്ചു

Update: 2025-05-03 03:50 GMT

കണ്ണൂര്‍: അമ്മൂമ്മയ്ക്കൊപ്പം റോഡരികിലൂടെ നടക്കുകയായിരുന്ന മൂന്നുവയസ്സുകാരി അമിതവേഗത്തിലെത്തിയ കാറിടിച്ച് മരിച്ചു. ചമതച്ചാലിലെ അനു-സോയി ദമ്പതിമാരുടെ ഏക മകള്‍ നോറയാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറിന് അമ്മൂമ്മ ഷിജിക്കൊപ്പം തൊട്ടടുത്ത വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് അപകടം.

ചമതച്ചാല്‍ വളവില്‍നിന്ന് രണ്ടു വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ കുട്ടിയെയും അമ്മൂമ്മയെയും ഇടിച്ചിടുകയായിരുന്നു. സ്ഥലത്തെ മൈല്‍ക്കുറ്റിയും ഇടിച്ച് തകര്‍ത്താണ് കാര്‍ നിന്നത്. നാട്ടുകാര്‍ നോറയെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിജിയെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മാതാപിതാക്കള്‍ വിദേശത്തായതിനാള്‍ അപ്പൂപ്പന്‍ ചമതച്ചാലില്‍ ഉറവക്കുഴിയില്‍ അബ്രഹാമിനും അമ്മൂമ്മ ഷിജിക്കുമൊപ്പമാണ് നോറ താമസിച്ചിരുന്നത്.

കാറോടിച്ച അരവഞ്ചാല്‍ സ്വദേശി അമലിനെതിരേ പയ്യാവൂര്‍ പോലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഇരിട്ടി കോളിത്തട്ടില്‍നിന്ന് വീട്ടിലേക്ക് കാറില്‍ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. നോറയുടെ സംസ്‌കാരം ഞായറാഴ്ച മൂന്നിന് ചമതച്ചാല്‍ സെയ്ന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയില്‍ നടക്കും.

Tags:    

Similar News