എസ്. രാജേന്ദ്രന്‍ എന്‍ഡിഎയിലേക്ക്? ആര്‍പിഐയില്‍ ചേരുന്നതില്‍ സന്തോഷം; കേരളത്തില്‍ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവാകുമെന്ന് രാംദാസ് അത്താവാലെ

രാംദാസ് അത്താവാലയുമായി എസ്. രാജേന്ദ്രന്റെ കൂടിക്കാഴ്ച

Update: 2025-04-04 15:30 GMT

കൊച്ചി: ദേവികുളം മുന്‍ എം എല്‍ എയും സിപിഎം നേതാവുമായിരുന്ന എസ് രാജേന്ദ്രന്‍ എന്‍ഡിഎയിലേക്ക്. റിപ്പബ്ലിക്കാന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഭാഗമായിട്ടാണ് എന്‍ഡിഎ മുന്നണിയില്‍ എത്തുന്നത്. രാജേന്ദ്രന്‍ ആര്‍പിഐയില്‍ ചേരുന്നതില്‍ സന്തോഷമുണ്ടെന്നും കേരളത്തില്‍ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവാകുമെന്നും ആര്‍പിഐ പാര്‍ട്ടി ചെയര്‍മാനും കേന്ദ്ര മന്ത്രിയുമായ രാംദാസ് അത്താവാലെ പറഞ്ഞു. എസ് രാജേന്ദ്രനുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ചര്‍ച്ച.പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് ഇന്നോ നാളെയോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍പിഐ (അത്താവാലെ) വിഭാഗവുമായി മാസങ്ങളായി രാജേന്ദ്രന്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ട്. കോട്ടയത്ത് നിന്നുള്ള ബിജെപി നേതാവ് എന്‍ ഹരിയാണ് എസ് രാജേന്ദ്രനെ ബിജെപി പാളയത്തില്‍ എത്തിക്കാന്‍ ആദ്യഘട്ടം മുതല്‍ ചുക്കാന്‍ പിടിക്കുന്നത്. സിപിഎമ്മുമായി കുറേക്കാലമായി അകല്‍ച്ചയിലാണ് എസ് രാജേന്ദ്രന്‍. ഇതിനിടെ ബിജെപി നേതാക്കള്‍ക്കൊപ്പം എസ് രാജേന്ദ്രന്‍ പൂജയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കോട്ടയത്തെ ബിജെപി നേതാവ് എന്‍ ഹരിയുടെ വീട്ടില്‍ നടന്ന പൂജയിലാണ് പങ്കെടുത്തത്. കുമ്മനം രാജശേഖരന്‍, എം ടി രമേശ് തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് രാജേന്ദ്രന്‍ ചടങ്ങില്‍ എത്തിയത്.

സിപിഐഎമ്മുമായി കുറേ കാലമായി അകലം പാലിക്കുകയാണ് എസ്. രാജേന്ദ്രന്‍. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എ. രാജക്കെതിരെ പ്രവര്‍ത്തിച്ചു എന്ന പേരിലാണ് രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

Similar News