സ്വര്‍ണം പൊട്ടിക്കല്‍ അടക്കമുള്ള കേസുകളിലെ പ്രതി അര്‍ജ്ജുന്‍ ആയങ്കി കഴക്കൂട്ടത്ത് കസ്റ്റഡിയില്‍; പിടികൂടിയത് എസ്എഫ്‌ഐ മുന്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ നിന്ന്; ഉത്സവം കാണാന്‍ എത്തിയതെന്ന് അര്‍ജ്ജുന്‍ ആയങ്കി
അര്‍ജ്ജുന്‍ ആയങ്കി കഴക്കൂട്ടത്ത് കസ്റ്റഡിയില്‍
കഴക്കൂട്ടം: നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ തിരുവനന്തപുരത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തെ ഒരു വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു.
വിവാദമായ സ്വര്‍ണം പൊട്ടിക്കല്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ തലസ്ഥാനത്ത് കഴക്കൂട്ടം കുളത്തൂരിലെ എസ്.എഫ്.ഐ മുന്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു. ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട കുളത്തൂര്‍ സ്വദേശി ആദര്‍ശിന്റെ വീട്ടില്‍ നിന്നാണ് അര്‍ജുനെ കസ്റ്റഡിയിലെടുത്തത്.
കുളത്തൂര്‍ കോലത്തുംകര ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയോടനുബന്ധിച്ച് സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം പൊലീസ് നടത്തിയ പരിശോധനയിലാണ് അര്‍ജുന്‍ ആയങ്കി പിടിയിലായത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് കഴക്കൂട്ടം, തുമ്പ എന്നിവിടങ്ങളില്‍ റൗഡി ലിസ്റ്റിലുള്ള കുളത്തൂര്‍ സ്വദേശിയും എസ്.എഫ്.ഐ മുന്‍ ഏരിയ നേതാവുമായ ആദര്‍ശിന്റെ വീട്ടില്‍ പൊലീസ് പരിശോധനക്കെത്തിയത്. ആദര്‍ശിനെ കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലിലെടുക്കുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം.
എന്നാല്‍, ആദര്‍ശിനൊപ്പം ആ വീട്ടിലുണ്ടായിരുന്ന അര്‍ജുന്‍ ആയങ്കിയെയും കരുതല്‍ കസ്റ്റഡിയിലെടുത്തു. അര്‍ജുന്‍ ആയങ്കിയെ സ്‌പെഷല്‍ ബ്രാഞ്ച് അസി. കമീഷണര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു. എന്നാല്‍, താന്‍ ഉത്സവം കാണാനെത്തിയതെന്നാണ് അര്‍ജുന്റെ വിശദീകരണം.