പരിചയമുള്ള ഫിനാന്‍സ് സ്ഥാപനത്തില്‍ കൊണ്ടു വന്നത് മുക്കുപണ്ടം; ഉടമ നല്‍കിയത് 95,000 രൂപ; സംശയം തോന്നി പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമെന്ന് തെളിഞ്ഞു; മൂന്നുപേരെ ഏനാത്ത് പോലീസ് പിടികൂടി

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

Update: 2025-04-04 15:41 GMT

അടൂര്‍: മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസില്‍ മൂന്നുപേരെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. പോരുവഴി ചന്ദ്രകാവ്,ആദിത്യ ഭവനം മനോജ് (38), നെടുവത്തൂര്‍ നീലേശ്വരം കുറുമ്പനൂര്‍ സരസ്വതി ഭവനത്തില്‍ സജയകുമാര്‍(33), തിങ്കല്‍കരികം ചന്ദനക്കാവ് നിഷാദ് മന്‍സില്‍ വീട്ടില്‍ നിഷാദ് (37) എന്നിവരാണ് പിടിയിലായത്.

കടമ്പനാട് മാനാമ്പുഴ ഏഴാംമൈല്‍ ചിത്തിര വീട്ടില്‍ രാജന്‍ പിള്ളയുടെ ഉടയാന്‍മുറ്റം ഫിനാന്‍സില്‍ ഏപ്രില്‍ ഒന്നിന് വൈകുന്നേരം നാലോടെ ഇദ്ദേഹത്തിന് പരിചയമുള്ള മനോജ് 15 ഗ്രാം തൂക്കം വരുന്ന സ്വര്‍ണനിറത്തിലുള്ള വളയുമായി വന്നു. പണയം വയ്ക്കണമെന്ന് പറഞ്ഞതുപ്രകാരം തൂക്കത്തിന് അനുസരിച്ചുള്ള തുകയായി 95000 രൂപ ഇയാള്‍ക്ക് നല്‍കി. മനോജ് പോയ ശേഷം വളയുടെ വലിപ്പത്തില്‍ സംശയം തോന്നിയ സ്ഥാപന ഉടമ വള ഉടന്‍ തന്നെ കടമ്പനാടുള്ള കേരള ഗോള്‍ഡ് എന്ന സ്ഥാപനത്തില്‍ കൊണ്ട് പോയി പരിശോധിപ്പിച്ചു. മുക്കുപണ്ടമാണെന്ന് ബോധ്യമായതിനെ തുടര്‍ന്ന്, മനോജിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഉടനെ കടയില്‍ വരാമെന്ന് ഇയാള്‍ പറഞ്ഞു.

എന്നാല്‍ ഇയാള്‍ രാത്രി 9 വരെ വരാഞ്ഞതിനാല്‍ രാജന്‍ പിള്ള വീട് കണ്ടെത്തി അന്വേഷിച്ചില്ലെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിറ്റേന്ന് ഫോണില്‍ വിളിച്ചുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് മൂന്നിന് ഏനാത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മൊഴി രേഖപ്പെടുത്തി കേസെടുത്ത പോലീസ്, സ്ഥാപനത്തിലെ രേഖകള്‍ പരിശോധിക്കുകയും മറ്റും ചെയ്തു അന്വേഷണം നടത്തി. വള പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ മുക്കുപണ്ടമാണെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി മനോജിനെ വൈകിട്ടോടെ വീടിന് സമീപത്തു നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പ്രതിയെ തിരിച്ചറിഞ്ഞശേഷം കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും, തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. പണയത്തിന്റെ രസീത് ഇയാളില്‍ നിന്ന് പോലീസ് കണ്ടെടുത്തു. കുറ്റസമ്മതമൊഴിയില്‍ സുഹൃത്ത് സജയകുമാറാണ് വ്യാജ സ്വര്‍ണം പണയം വയ്ക്കാന്‍ ഏല്‍പ്പിച്ചതെന്നും, ഇയാള്‍ക്കൊപ്പം നിഷാദും ഉണ്ടായിരുന്നുവെന്നും വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ അവരെ രണ്ടും മൂന്നും പ്രതികളായി കേസില്‍ ഉള്‍പ്പെടുത്തി. ഇരുവരും ചേര്‍ന്നാണ് വള പണയം വയ്ക്കാന്‍ മനോജിനെ ഏല്‍പ്പിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്, ഇവര്‍ക്കായി വ്യാപകമാക്കിയ അന്വേഷണത്തില്‍ ചടയമംഗലം ബസ്റ്റാന്‍ഡ് സമയത്തുനിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍നടപടികള്‍ക്ക് ശേഷം സ്റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇരുവരും കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ സഞ്ചരിച്ച കാര്‍ പോലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News