ലഹരിക്കടിപ്പെട്ട യുവാവ് രക്ഷതേടി നിറകണ്ണുകളുമായി പോലിസ് സ്‌റ്റേഷനില്‍; ലഹരി വിമോചന കേന്ദ്രത്തിലേക്ക് മാറ്റി പോലീസ്
ലഹരിക്കടിപ്പെട്ട യുവാവ് രക്ഷതേടി നിറകണ്ണുകളുമായി പോലിസ് സ്‌റ്റേഷനില്‍
താനൂര്‍: ലഹരിക്കടിപ്പെട്ട യുവാവ് രക്ഷതേടി എത്തിയത് പോലിസ് സ്‌റ്റേഷനില്‍. 'തുടങ്ങാന്‍ എളുപ്പമാണ്. പിന്നെ നിര്‍ത്താനാവില്ല. പെട്ടുപോയി. ജീവിതവും കുടുംബവും ബന്ധങ്ങളും ഇല്ലാതായി. രക്ഷിക്കണം.' താനൂര്‍ പോലീസ്സ്റ്റേഷനില്‍ എത്തി ശനിയാഴ്ച രാവിലെ ഒരുയുവാവ് കരഞ്ഞുപറഞ്ഞു. ലഹരിക്ക് അടിപ്പെട്ടുപോയ തന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം.
കുറേക്കാലമായി ലഹരിക്ക് അടിമയാണ്. മോചനം വേണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ എന്തുചെയ്യണമെന്ന് അറിയില്ല -യുവാവ് പോലീസുകാരോട് പറഞ്ഞു. തുടര്‍ന്ന് പോലിസ് യുവാവിനെ ലഹരിവിമോചന കേന്ദ്രത്തിലേക്ക് മാറ്റി. ലഹരിയില്‍നിന്ന് യുവാവിനെ മോചിപ്പിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുമെന്ന് താനൂര്‍ ഡിവൈഎസ്പി. പ്രമോദ് പറഞ്ഞു.
താനൂരില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരേ 50 ദിവസത്തെ കര്‍മപരിപാടികള്‍ നടക്കുകയാണ്. ലഹരിക്കടിപ്പെട്ടവരെ രക്ഷിക്കാന്‍ പോലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് യുവാവ് സ്റ്റേഷനില്‍ എത്തിയത്. മാരകമായ ലഹരിയുടെ വലയത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ എല്ലാവരുംചേര്‍ന്ന് ശ്രമിക്കണമെന്നും യുവാവ് പിന്നീട് പറഞ്ഞു.