ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസ് ഗണഗീതവും വിപ്ലവ ഗാനവും ആലപിച്ച സംഭവങ്ങളില്‍ കര്‍ശന നടപടിയുമായി ദേവസ്വം ബോര്‍ഡ്; മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടും

Update: 2025-04-07 10:33 GMT

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ്. ഗണഗീതവും വിപ്ലവ ഗാനവും ആലപിച്ച സംഭവങ്ങളില്‍ കര്‍ശന നടപടിയുമായി ദേവസ്വം ബോര്‍ഡ്. കടയ്ക്കല്‍ ദേവി ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടതായും മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതി ഉടന്‍ പിരിച്ചുവിടുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അറിയിച്ചു. ഇത്തരം നടപടികള്‍ കോടതി ഉത്തരവിന്റെ ലംഘനമാണെന്നും പ്രസിഡന്റ് പറഞ്ഞു.

കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രപരിസരത്ത് ഉത്സവത്തിന്റെ ഭാഗമായി ആര്‍എസ്എസ് കൊടിതോരണങ്ങള്‍ ഉയര്‍ന്നിട്ടുള്ളതായി രണ്ടുദിവസം മുമ്പാണ് പരാതി ലഭിച്ചത്. ഇത് ഉടനെ അഴിച്ചുമാറ്റണമെന്ന് ക്ഷേത്ര ഉപദേശക സമിതിക്ക് നോട്ടിസ് കൊടുത്തിരുന്നു. പക്ഷേ അത് അഴിച്ചുമാറ്റിയില്ലെന്ന് മാത്രമല്ല, അന്ന് വൈകിട്ടുതന്നെ ഗണഗീതം പാടുന്ന സ്ഥിതിയും ഉണ്ടായി. വിഷയത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഉടന്‍തന്നെ ഇത് പഠിച്ച് തിങ്കളാഴ്ച തന്നെ ഉപദേശക സമിതി പിരിച്ചുവിടുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങും. പിഎസ് പ്രശാന്ത് അറിയിച്ചു.

രാഷ്ട്രീയ പാര്‍ട്ടികളുടെയോ മത സാമുദായിക സംഘടനകളുടെയോ കൊടിയോ ചിഹ്നമോ ഇതിന് സമാനമായ കൊടിയോ ചിഹ്നങ്ങളോ പോലും ക്ഷേത്രങ്ങളില്‍ പാടില്ലെന്നാണ് കോടതി ഉത്തരവ്. ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളെടുക്കും. കടയ്ക്കലില്‍ രണ്ടു ഉദ്യോഗസ്ഥന്‍മാര്‍ക്കും വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

Tags:    

Similar News