ഓണ്‍ലൈന്‍ ട്രേഡിങിന്റെ മറവില്‍ യുവാവിനെ കബളിപ്പിച്ച് തട്ടിയത് നാലര ലക്ഷം രൂപ; എറണാകുളം കണ്ണമാലി സ്വദേശികളായ പ്രതികള്‍ അറസ്റ്റില്‍

ഓണ്‍ലൈന്‍ ട്രേഡിങിന്റെ മറവില്‍ യുവാവിനെ കബളിപ്പിച്ച് തട്ടിയത് നാലര ലക്ഷം രൂപ

Update: 2025-04-09 02:34 GMT

ഹരിപ്പാട്: ആലപ്പുഴയില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് നടത്തിയ രണ്ട് പ്രതികളെ പോലിസ് പിടികൂടി. ആപ്പിലൂടെ ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവിലാണ് തട്ടിപ്പുനടത്തിയത്. വിയപുരം കാരിച്ചാല്‍ സ്വദേശിയും ബിടെക് ബിരുദധാരിയുമായ യുവാവിനാണ് നാലര ലക്ഷത്തോളം രൂപ നഷ്ടമായത്. സംഭവമായി ബന്ധപ്പെട്ട് എറണാകുളം കണ്ണമാലി സ്വദേശികളായ അജിത്ത് വര്‍ഗീസ്(25), സഞ്ജയ് ജോസഫ് എന്നിവരെ വിയപുരം പൊലീസ് പിടികൂടി. കഴിഞ്ഞ ഒക്ടോബര്‍ 26നാണ് തട്ടിപ്പ് നടക്കുന്നത്.

ഹുബിന്‍കോ ടെക്‌നോളജിസ് എന്ന സ്ഥാപനത്തില്‍ നിന്നാണ് എന്ന് പരിചയപ്പെടുത്തിയാണ് പരാതിക്കാരന് ഇതുമായി ബന്ധപ്പെട്ട ആദ്യ ഫോണ്‍കോള്‍ വരുന്നത്.

തുടര്‍ന്ന് ടെലിഗ്രാം അക്കൗണ്ട് വഴി ട്രേഡിങ് പ്ലാറ്റ്‌ഫോമിലേക്ക് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. രജിസ്റ്റര്‍ ചെയ്തതിന്റെ ബോണസായി 300 രൂപ അപ്പോള്‍ തന്നെ അക്കൗണ്ടിലേക്ക് വരുകയും ചെയ്തു. തുടര്‍ന്ന് ഏഴ് തവണയോളം ചെറിയ തുകകളായി ഈ അക്കൗണ്ടിലേക്ക് വന്നുകൊണ്ടിരുന്നു. പണം വന്നത് പരാതിക്കാരന് കൂടുതല്‍ വിശ്വാസത്തിന് ഇടനല്‍കി. എന്നാല്‍ അക്കൗണ്ടില്‍ ഇങ്ങനെ വരുന്ന പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിന്റെ തുടക്കം. ആദ്യം പണം പിന്‍വലിക്കാനായി 6000 രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചു. പിന്നീട് 20000 രൂപ കൂടി ആവശ്യപ്പെട്ടു. ഈ തുക കൂടി നിക്ഷേപിച്ച എങ്കില്‍ മാത്രമേ പണം പിന്‍വലിക്കാന്‍ കഴിയുകയുള്ളൂ എന്ന് പറഞ്ഞു.

അതിന്റെ അടിസ്ഥാനത്തില്‍ ഈ തുക ഗൂഗിള്‍ പേ ചെയ്തു നല്‍കി. പിന്നീട് പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രോസസിംഗില്‍ തെറ്റുണ്ട് എന്നും തുക ബ്ലോക്ക് ആണെന്നും പറഞ്ഞു. ഇത് മാറ്റുന്നതിനായി ആദ്യം അറുപതിനായിരം രൂപയും പിന്നീട് 1.2 ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഈ തുകയും പരാതിക്കാരന്‍ അയച്ചുകൊടുത്തു. വീണ്ടും പ്രോസസിങ്ങില്‍ തെറ്റുണ്ടെന്നും തുക ബ്ലോക്ക് ആയി എന്നും അറിയിച്ചു. ഇത് ഒഴിവാക്കി പണം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടു.

ഇതനുസരിച്ച് പരാതിക്കാരന്‍ വീണ്ടും തുക നല്‍കുകയായിരുന്നു. തുടര്‍ന്ന് തുക പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ബ്ലോക്ക് തന്നെയാണ് കാണിക്കുന്നത്. അക്കൗണ്ടില്‍ നിന്നും ഈ സമയം ആകെ 4.56 ലക്ഷം രൂപ നഷ്ടമായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ വിയപുരം പൊലീസില്‍ പരാതി നല്‍കിയത്. വീയപുരം എസ്എച്ച്ഒ ഷഫീക്കിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ പി പ്രദീപ്, എഎസ്‌ഐ ബാലകൃഷ്ണന്‍, സീനിയര്‍ സിപിഒ പ്രതാപ് മേനോന്‍, സിപിഒ നിസ്സാറുദ്ദീന്‍, എന്നിവരാണ് പ്രതികളെ പിടികൂടിയത്.

സഞ്ജയ് ജോസഫ് മംഗളൂരുവില്‍ ബിപിടിക്കു പഠിക്കുകയാണ്. അജിത്ത് വര്‍ഗീസാണ് ഓണ്‍ലൈന്‍ തട്ടിപ്പിന്റെ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരേ അടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലും സമാനകേസുണ്ട്. മൂന്നുമാസത്തിനിടെ 14 ലക്ഷം രൂപയുടെ ഇടപാടാണ് അജിത്ത് നടത്തിയത്. സഞ്ജയ് ജോസഫിന് 4,000 രൂപ കൊടുത്ത് ബാങ്ക് അക്കൗണ്ട് എടുപ്പിച്ചശേഷം, പാസ് ബുക്കും ചെക്ക് ബുക്കും എടിഎം കാര്‍ഡും അജിത്ത് വാങ്ങിയതായി വീയപുരം എസ്എച്ച്ഒ ഷെഫീക്ക് പറഞ്ഞു. കോളേജ് വിദ്യാര്‍ഥികളായ 40 പേരില്‍നിന്ന് അജിത്ത് ഇതേ രീതിയില്‍ ബാങ്ക് അക്കൗണ്ട് വാങ്ങിയതായാണ് അറിയുന്നത്.

തട്ടിപ്പിനിരയായ കാരിച്ചാല്‍ സ്വദേശിയുടെ 2.5 ലക്ഷം രൂപ സഞ്ജയുടെ അക്കൗണ്ടിലാണ് എത്തിയത്. ഇതാണ് ഇയാളെ പ്രതിയാക്കാന്‍ കാരണം. സഞ്ജയ് ജോസഫിന്റെ ഫോണില്‍ ബാങ്കിടപാടിന്റെ സന്ദേശം വരാറുണ്ടായിരുന്നു. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ പ്രശ്‌നമില്ലെന്നാണ് നാട്ടുകാരന്‍കൂടിയ അജിത്ത് പറഞ്ഞിരുന്നത്. അടുത്തിടെ അക്കൗണ്ട് മരവിപ്പിച്ചതായി അറിയിച്ചുള്ള കത്ത് ബാങ്കില്‍നിന്ന് സഞ്ജയ്ക്കു ലഭിച്ചിരുന്നു. പോലീസ് തേടിയെത്തിയപ്പോഴാണ് താനും തട്ടിപ്പില്‍ പങ്കാളിയായവിവരം സഞ്ജയ് അറിഞ്ഞത്. കോളേജ് വിദ്യാര്‍ഥികളുടെ അക്കൗണ്ട് വിലയ്‌ക്കെടുത്താണ് പ്രതി തട്ടിപ്പുനടത്തിയത്.

Tags:    

Similar News