മദ്യപിച്ചെത്തി ശല്യംചെയ്യുന്നതായി പരാതി നല്‍കിയ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി അതീവ ഗുരുതരാവസ്ഥയില്‍: പ്രതി അറസ്റ്റില്‍

മദ്യപിച്ചെത്തി ശല്യം, പരാതിപ്പെട്ട യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം

Update: 2025-04-09 02:48 GMT

കാസര്‍കോട്: മദ്യപിച്ചെത്തി ശല്യംചെയ്യുന്നതായി പരാതി നല്‍കിയതിനു യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം.പൊള്ളലേറ്റ യുവതിയെ അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേഡഡുക്ക മണ്ണെടുക്കത്തെ വാടകക്കെട്ടിടത്തില്‍ പലചരക്കുകട നടത്തുന്ന സി.രമിതയ്ക്കാണ് (32) പൊള്ളലേറ്റത്. രമിതയുടെ കടയോട് ചേര്‍ന്നുള്ള തൊട്ടടുത്ത കടക്കാരന്‍ മദ്യപിച്ചെത്തി ശല്യം ചെയ്യുന്നതായി കഴിഞ്ഞ ദിവസം പോലിസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്നാണ് കൊലപാതക ശ്രമം.

യുവതിയുടെ ദേഹത്തു തിന്നറൊഴിച്ച് തീകൊളുത്തി. സംഭവത്തില്‍ അതേ കെട്ടിടത്തില്‍ മുന്‍പു കട നടത്തിയ തമിഴ്‌നാട് സ്വദേശി രാമാമൃതത്തെ (57) ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിക്കൊപ്പമുണ്ടായിരുന്ന എട്ടു വയസ്സുള്ള മകനും മകന്റെ സഹപാഠിയും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ആണു സംഭവം. മദ്യപിച്ചെത്തിയ പ്രതി ഫര്‍ണിച്ചര്‍ ജോലിക്ക് ഉപയോഗിക്കുന്ന തിന്നര്‍ രമിതയുടെ ദേഹത്തൊഴിച്ച്, കയ്യില്‍ കരുതിയ പന്തത്തിനു തീകൊളുത്തി എറിയുകയായിരുന്നു. കെട്ടിടത്തിനു തീപിടിച്ചതാണെന്നു കരുതി ഓടിയെത്തിയ സമീപവാസികളും സ്വകാര്യ ബസ് ജീവനക്കാരുമാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

സംഭവ ശേഷം പ്രതി കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ട ബസില്‍ കയറി കടക്കാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാര്‍ ബസ് സ്റ്റേഷനിലെത്തിച്ച് പ്രതിയെ പൊലീസിനു കൈമാറി. രമിതയുടെ കടയുടെ തൊട്ടടുത്ത മുറിയില്‍ പ്രതി ഫര്‍ണിച്ചര്‍ കട നടത്തിയിരുന്നു. മദ്യപിച്ചെത്തി ശല്യംചെയ്യുന്നെന്ന രമിതയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് ഇടപെട്ട് രണ്ടാഴ്ച മുന്‍പ് ഫര്‍ണിച്ചര്‍ കട അടപ്പിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നു കരുതുന്നു. നേരത്തേ, ഇയാള്‍ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്.

Tags:    

Similar News