ചേര്‍ത്തലയില്‍ നടന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് വിദേശ ബന്ധം; അറസ്റ്റിലായവര്‍ വിദേശകമ്പനികളുടെ കണ്ണികളിലെ ഒരുഭാഗംമാത്രം: തട്ടിപ്പ് സംഘങ്ങള്‍ ശേഖരിക്കുന്ന അക്കൗണ്ട് വിവരങ്ങള്‍ കൗകാര്യം ചെയ്യുന്നതും വിദേശ കമ്പനികള്‍

ചേര്‍ത്തലയില്‍ നടന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് വിദേശ ബന്ധം

Update: 2025-04-16 02:32 GMT

ചേര്‍ത്തല: ചേര്‍ത്തല നഗരത്തില്‍ നടന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് വിദേശബന്ധം. വിദേശ രാജ്യങ്ങളിലുള്ള കമ്പനികളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തട്ടിപ്പു സംഘങ്ങളെ നിയന്ത്രിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നും രേഖകള്‍ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് പോലീസിന്റെ കണ്ടെത്തല്‍. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് തട്ടിപ്പു നടത്തുന്ന സംഘങ്ങളെയും ഇവര്‍ ശേഖരിക്കുന്ന അക്കൗണ്ട് വിവരങ്ങളും വിദേശരാജ്യങ്ങളിലുള്ള കമ്പനികളാണ് കൈകാര്യം ചെയ്യുന്നത്.

ചേര്‍ത്തല നഗരത്തില്‍ നടന്ന വന്‍ തട്ടിപ്പുകളിലെല്ലാം വിദേശ ബന്ധം തന്നെയാണ് തെളിയുന്നത്. നഗരത്തില്‍ വ്യാപാരിയെ കബളിപ്പിച്ച് വെര്‍ച്വല്‍ അറസ്റ്റുചെയ്ത് 61 ലക്ഷം തട്ടിയസംഭവത്തില്‍ കഴിഞ്ഞ ദിവസം നേപ്പാള്‍ സ്വദേശികളടക്കം നാലുപേര്‍ പിടിയിലായിരുന്നു. വിദേശകമ്പനികളുടെ കണ്ണികളില്‍ ഒരുഭാഗംമാത്രമാണ് ഇവരെന്നാണു വിവരം. പണം പോയതും അക്കൗണ്ട് നിയന്ത്രിച്ചതും വിദേശത്ത് നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തു തമ്പടിച്ചാണ് ഇവര്‍ തട്ടിപ്പുകള്‍ ആസൂത്രണം ചെയ്യുന്നത്. തട്ടിപ്പിലൂടെയുള്ള പണം വിദേശ അക്കൗണ്ടുകളിലേക്കു മാറ്റുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ചേര്‍ത്തല എസ്.ഐ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഒന്നരമാസം മുന്‍പ് യുപി സ്വദേശികളായ സഹില്‍, ശുഭം ശ്രീനിവാസ്തവ് എന്നിവരെ പിടികൂടിയിരുന്നു. ഇവരില്‍നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പിലെ പ്രധാനികളായ നേപ്പാള്‍ സ്വദേശികളെയും ഉത്തര്‍പ്രദേശ് സ്വദേശികളെയും പിടികൂടിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ യുപി കേന്ദ്രീകരിച്ച് വീണ്ടും പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിലെ നിര്‍ണായക പങ്കുള്ള അഭിനീത് യാദവ്, സഞ്ജയ് ദുബെ എന്നിവരെ പിടികൂടാനായത്.

ഉത്തര്‍പ്രദേശിലെ ഹാഷിയാനയില്‍നിന്നാണ് ഇവരെ പിടിച്ചത്. ഇരുവരെയും ചോദ്യംചെയ്തു. കൈയിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ പരിശോധിച്ചതില്‍നിന്ന് പിടിയിലായ നേപ്പാള്‍ സ്വദേശികള്‍ക്കാണ് ഇവര്‍ തട്ടിപ്പുനടത്തി സമ്പാദിക്കുന്ന പണവും അതിനായി ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈമാറുന്നതെന്നു ബോധ്യപ്പെട്ടു. ഡല്‍ഹിയില്‍ ഇവര്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തിയാണ് പിടികൂടിയത്. നേപ്പാള്‍ സ്വദേശികളുടെ പക്കല്‍നിന്ന് തട്ടിപ്പിനായി ശേഖരിച്ച വിവിധ ബാങ്ക് പാസ് ബുക്കുകളും കണ്ടെടുത്തിട്ടുണ്ട്. ഇതോടൊപ്പം ചേര്‍ത്തല സ്വദേശിയെ കബളിപ്പിച്ച് 90 ലക്ഷം രൂപ തട്ടിയെടുത്ത മറ്റൊരു കേസിലെ പ്രധാന പ്രതിയായ ഗുജറാത്ത്, ജുനഗഡ് സ്വദേശിയായ ഗോസ്വാമി സുമിത്ഗിരി എന്നയാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചേര്‍ത്തല എഎസ്പി ഹരീഷ് ജയിന്റെയും പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി. അരുണിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ചേര്‍ത്തല എസ്.ഐ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ ആദര്‍ശ്, ബീന, ഓഫീസര്‍മാരായ സതീഷ്, സുധീഷ്, അനീഷ് ഭരത്, കോണ്‍സ്റ്റന്റൈന്‍, ലിജോ, ധന്‍രാജ് ഡി. പണിക്കര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണസംഘം അറിയിച്ചു.

Tags:    

Similar News