വെള്ളറടയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച പത്താംക്ലാസുകാരിക്കെതിരെ ക്വട്ടേഷന്‍; ആവശ്യത്തിനു മദ്യവും ആഹാരവും വാങ്ങിക്കൊടുക്കാമെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി; രണ്ട് പേര്‍ അറസ്റ്റില്‍

പ്രണയാഭ്യര്‍ഥന നിരസിച്ച പത്താംക്ലാസുകാരിക്കെതിരെ ക്വട്ടേഷന്‍

Update: 2025-04-21 12:44 GMT

തിരുവനന്തപുരം: പ്രണയാഭ്യര്‍ഥന നിരസിച്ച പത്താംക്ലാസ് വിദ്യാര്‍ഥിനിയെയും മാതാവിനെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ക്വട്ടേഷന്‍ സംഘം പിടിയില്‍. പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് വേണ്ടി ഫോണിലൂടെ വിദ്യാര്‍ഥിനിയെയും മാതാവിനെയും നിരന്തരം ഭീഷണിപ്പെടുത്തിയ മണ്ണംകോട് സ്വദേശികളായ അനന്തു(20), സജിന്‍(30) എന്നിവരെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. ആവശ്യത്തിനു മദ്യവും ആഹാരവും വാങ്ങിക്കൊടുക്കാമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും ക്വട്ടേഷന്‍ ഏറ്റെടുത്തവരും തമ്മിലുള്ള കരാര്‍.

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത സംഘം പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പ്രണയാഭ്യര്‍ഥന സ്വീകരിക്കണമെന്നും വിവാഹത്തിന് സമ്മതം നല്‍കണമെന്നുമായിരുന്നു ഇവരുടെ ഭീഷണി. അനുസരിച്ചില്ലെങ്കില്‍ ഉപദ്രവിക്കുമെന്നും പറഞ്ഞതോടെ ശല്യം സഹിക്കാനാകാതെ മാതാവ് വെള്ളറട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പിന്നാലെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് 17 വയസ് ആണ് പ്രായമെന്നതിനാല്‍ ജുവനൈല്‍ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. വിദ്യാര്‍ഥിയുടെ വീട്ടിലെത്തിയ പൊലീസ് മാതാപിതാക്കളോടും കുട്ടിയോടും കേസിന്റെ ഗൗരവം വിശദീകരിച്ചു. പ്രതികള്‍ക്കെതിരെ മറ്റ് സ്റ്റേഷനിലും കേസുണ്ടെന്നും പൊലീസ് അറിയിച്ചു.

Similar News