കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു; ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം ആയിരുന്ന ടെനി ജോപ്പന്‍ കസ്റ്റഡിയില്‍; മദ്യലഹരിയില്‍ ആയിരുന്ന ജോപ്പന് എതിരെ നരഹത്യക്ക് കേസ്
ടെനി ജോപ്പന്‍ കസ്റ്റഡിയില്‍
കൊല്ലം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കൊട്ടാരക്കരയില്‍ വച്ചാണ് അപകടം. ഇഞ്ചക്കാട് സ്വദേശി ഷൈന്‍ (34) ആണ് മരിച്ചത്. കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ചാണ് അപകടം. ബൈക്കിനെ ഇടിച്ച ശേഷം കാര്‍ സമീപത്തുള്ള വീട്ടിലേക്കും ഇടിച്ചു കയറി.
പരിക്കേറ്റ ഷൈനിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ പൊലീസ് വെണ്ടാര്‍ മനക്കര വീട്ടില്‍ ടെനി ജോപ്പനെ (51) കസ്റ്റഡിയില്‍ എടുത്തു. പുത്തൂര്‍ കൊട്ടാരക്കര റോഡില്‍ അവണൂര്‍ കശുവണ്ടി ഫാക്ടറിക്കു സമീപമാണ് അപകടം. ടെനി ജോപ്പന്‍ മദ്യലഹരിയിലായിരുന്നുവെന്നും നരഹത്യയ്ക്കു കേസെടുത്തതായും പോലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ട ആറോടെ ആയിരുന്നു അപകടം. വെണ്ടാറില്‍ നിന്നും കൊട്ടാരക്കരയിലേക്കു വരികയായിരുന്ന ജോപ്പന്റെ കാര്‍ റോഡിന്റെ വലതു ഭാഗം കടന്ന് എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഓടയിലേക്കു തെറിച്ചു വീണ ഷൈന്‍കുട്ടനെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടത്തില്‍ നിയന്ത്രണം വിട്ട കാര്‍ സമീപമുള്ള വീട്ടു മുറ്റത്തേക്ക് തലകീഴായി മറിയുകയായിരുന്നു. വെല്‍ഡിങ് തൊഴിലാളിയാണ് മരിച്ച ഷൈന്‍കുട്ടന്‍. അച്ഛന്‍: മണിക്കുട്ടന്‍.അമ്മ:ഉഷാദേവി.
യുവാവിന്റെ മൃതദേഹം നിയമ നടപടികള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.